Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:42 AM IST Updated On
date_range 30 May 2022 5:42 AM ISTപോപുലർ ഫിനാൻസ് തട്ടിപ്പ്; നിക്ഷേപകരുടെ കലക്ടറേറ്റ് മാർച്ച് ഇന്ന്
text_fieldsbookmark_border
lead നിക്ഷേപകരിൽനിന്ന് നഷ്ടപരിഹാര അപേക്ഷ സ്വീകരിച്ച് കലക്ടർ തുടർനടപടി കൈക്കൊള്ളണമെന്ന് കോന്നി: പോപുലർ ഫിനാൻസിൽ ചെറുതും വലുതുമായ നിക്ഷേപം നടത്തിയവർ നീതിക്കുവേണ്ടി വീണ്ടും സമരമുഖത്തേക്ക്. ജില്ലയിലെ നിക്ഷേപകർക്ക് അനുകൂലമായ തീരുമാനങ്ങൾ വൈകിപ്പിക്കുന്നത് ജില്ല ഭരണാധികാരിയാണെന്നുള്ള ആരോപണമാണ് പോപുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്സ് അസോ. ഉയർത്തുന്നത്. മറ്റു ജില്ലകളിൽ ബന്ധപ്പെട്ട ജില്ല ഭരണാധികാരികൾ അനുഭാവപൂർവമായ നടപടി സ്വീകരിച്ചുവരുന്നു. എന്നാൽ, പോപുലർ ഫിനാൻസ് ആസ്ഥാന ഓഫിസ് ഉള്ള പത്തനംതിട്ട ജില്ലയിൽ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികളിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് പി.എഫ്.ഡി.എ ഭാരവാഹികൾ ആരോപ്പിച്ചു. മറ്റു ജില്ല കലക്ടർമാർ നിക്ഷേപക കൂട്ടായ്മയോടു സ്വീകരിച്ച സഹതാപപൂർണമായ മാനുഷിക പരിഗണ പത്തനംതിട്ട കലക്ടറും നൽകണമെന്നും നിക്ഷേപകരിൽനിന്ന് നഷ്ടപരിഹാര അപേക്ഷ സ്വീകരിച്ച് തുടർനടപടി കൈക്കൊള്ളണമെന്നും പി.എഫ്.ഡി.എ ആവശ്യപ്പെട്ടു. ചില ബാഹ്യ ശക്തികളുടെ സമ്മർദങ്ങളിൽ ചെന്നുപെടാതെ അധികാരികൾ നീതി നടപ്പാക്കാൻ നിക്ഷേപകരോടൊപ്പം നിലകൊള്ളണമെന്ന് സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു. പോപുലർ ഫിനാൻസ് ഉടമകളുടെ പേരുകളിൽ ഉള്ളതും അന്വേഷണ ഏജൻസികൾ കണ്ടെത്തിയതുമായ കോടിക്കണക്കിന് രൂപ വിലപിടിപ്പുള്ള 18ൽ അധികം വാഹനങ്ങൾ പത്തനംതിട്ട സ്റ്റേഷനിൽകിടന്ന് തുരുമ്പെടുത്തു നശിക്കുകയാണ്. നിക്ഷേപകരെ പറ്റിച്ച് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് പോപുലർ ഉടമകൾ കാലാ കാലങ്ങളിൽ വാങ്ങിയ വാഹനങ്ങൾ കണ്ടുകെട്ടിയെങ്കിലും ലേല നടപടി സ്വീകരിച്ചില്ല. വെയിലും മഴയും കൊണ്ട് ഈ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്. കോമ്പിറ്റന്‍റ് അതോറിറ്റി പോപുലറിന്‍റെ മൊത്തം സ്വത്തുവകകൾ കണ്ടുകെട്ടിക്കഴിഞ്ഞതായി ഉത്തരവ് ഇറക്കിക്കഴിഞ്ഞ സ്ഥിതിക്ക് ലേലനടപടി ഉടൻ ആരംഭിക്കണം എന്നും ആവശ്യം ഉയർന്നു. ഫോറൻസിക് ഓഡിറ്റ് നടത്തുന്നതിലേക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം എസ്.എഫ്.ഒക്ക് നിർദേശം കൊടുക്കാത്തതും നിക്ഷേപം തിരികെ ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നു. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥർക്ക് ജില്ല അടിസ്ഥാനത്തിൽ അതിഥി മുറികൾ ഓഫിസ് സംവിധാനത്തോടെ അനുവദിച്ചുനൽകാത്തതിനാൽ രോഗാവസ്ഥയിലുള്ള നിക്ഷേപകർ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എറണാകുളം സി.ബി.ഐ ഓഫിസിൽ എത്തിച്ചേർന്ന് മൊഴികൊടുക്കുക എന്നത് വളരെ ദുഃഖകരമായ അവസ്ഥയായി തുടരുന്നു. ഇത് സംസ്ഥാന ഗവൺമെന്‍റിന്‍റെ അനാസ്ഥയായതിനാൽ ഉടൻ പരിഗണിക്കണമെന്നും സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ മുൻനിർത്തിയാണ് നിക്ഷേപകർ മേയ് 30ന് സമരം നടത്തുന്നത്. ഗാന്ധി സ്ക്വയറിൽ ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ സമരം ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തും ബി.ജെ.പി ജില്ല പ്രസിഡന്‍റ് സൂരജ് വെന്മേലിൽ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. പി.എഫ്.ഡി.എ പ്രസിഡന്‍റ് സി.എസ്. നായർ അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story