Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:32 AM IST Updated On
date_range 23 May 2022 5:32 AM ISTകാഴ്ചക്കാരായി കൃഷിവകുപ്പ്; കണ്ണീർപ്പാടത്ത് നെൽകർഷകർ
text_fieldsbookmark_border
അപ്പർ കുട്ടനാട്ടിൽ നൂറുകണക്കിന് ക്വിന്‍റൽ നെല്ല് വിവിധ പാടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നു പത്തനംതിട്ട: നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്യുന്നുവെന്ന് കൃഷിവകുപ്പ് പറയുമ്പോഴും ജില്ലയിലെ കർഷകരിൽനിന്ന് ഉയരുന്നത് പരിദേവനങ്ങൾ മാത്രം. കൈപ്പുഴ ഏലംതാറ്റ് പുഞ്ചയിൽ ഇത്തവണയും കൃഷി നഷ്ടത്തിലായി. അപ്പർകുട്ടനാട്ടിൽ കർഷകർ കൊയ്ത നെല്ല് ഏറ്റെടുക്കാൻ ആളില്ലാതെ വലയുന്നതിനുപിന്നാലെ മില്ലുടമകളുടെ ചൂഷണത്തിനും ഇരകളാകുന്നു. ഏലംതാറ്റ് പുഞ്ചയിൽ കെട്ടിനിന്ന വെള്ളം വറ്റിക്കാൻ വൈകിയതിനാൽ താമസിച്ച് കൃഷിയിറക്കിയതാണ് കർഷകരെ വലച്ചത്. തുടങ്ങിവെച്ച ജലസേചനപദ്ധതി പൂർത്തിയാക്കാത്തതും ഇതിന് കാരണമാണ്. മുഴുവൻ പാടവും കൃഷിചെയ്യാൻ കർഷകർ തയാറാണെങ്കിലും അടിസ്ഥാന സൗകര്യക്കുറവ് കാരണം ഒരു ഹെക്ടർ പാടത്ത് മാത്രമാണ് ഇത്തവണ കൃഷി ഇറക്കിയത്. കൃഷിചെയ്ത പാടത്തിനുപോലും വെള്ളം എത്തിക്കാനാകാതെ വിഷമിക്കുകയായിരുന്നു കർഷകർ. കൊയ്യാറായപ്പോഴേക്കും മഴ ശക്തമായതിനാൽ വെള്ളം പാടത്ത് നിറഞ്ഞു. വെള്ളത്തിൽനിന്ന് കൊയ്‌തെടുത്ത നെല്ലും കച്ചിയും ഉണക്കിയെടുക്കാൻ കഴിയാത്ത വിഷമത്തിലാണ് കർഷകർ. അപ്പർ കുട്ടനാട്ടിൽ നൂറുകണക്കിന് ക്വിന്‍റൽ നെല്ലാണ് വിവിധ പാടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത്. ഈർപ്പം കൂടുതൽ, പതിര് കൂടുതൽ എന്നെല്ലാം പറഞ്ഞ് മില്ലുടമകൾ നെല്ലിന്‍റെ വിലയിടിക്കുന്നു. ദുരിതങ്ങളിൽ കൈത്താങ്ങാകേണ്ട കൃഷിവകുപ്പ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. സമയത്ത് കൃഷിയിറക്കാനും കൊയ്യാനും കൊയ്ത നെല്ല് മില്ലുടമകളെ കൊണ്ട് ഏറ്റെടുപ്പിക്കാനും കൃഷിവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ------ ഏലംതാറ്റ് പുഞ്ചയിൽ സൗകര്യമില്ല കുളനട പഞ്ചായത്തിലെ 12, 13 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന 56 ഏക്കർ പാടശേഖരമാണ് ഏലംതാറ്റ് പുഞ്ച. മഴക്കാലത്ത് പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം അടിച്ചുവറ്റിച്ച് നേരത്തേ കൃഷിയിറക്കാനും വേനലിൽ വെള്ളമെത്തിക്കുന്നതിനും മതിയായ സൗകര്യം ഇല്ല. പാടത്തിന് നടുവിലെ ചാലിൽനിന്ന് ആവശ്യത്തിന് വെള്ളം കൃഷിക്ക് ലഭിക്കാതെവന്നപ്പോൾ അച്ചൻകോവിലാറിൽനിന്ന് വെള്ളമെത്തിച്ച് കൃഷിയിറക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. അച്ചൻകോവിലാറിന്‍റെ തീരത്ത് ചക്കനാട്ട് കടവിൽ മുമ്പുണ്ടായിരുന്ന പമ്പുഹൗസ് തകർന്നതോടെ അമ്പാട്ട് കടവിന് സമീപം പുതിയ പമ്പ്ഹൗസ് കെട്ടി പാടത്തേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി തുടങ്ങി. 45 ലക്ഷം രൂപയുടെ പദ്ധതി തുടങ്ങിവെച്ചെങ്കിലും പൂർത്തിയായില്ല. ചാലിലെ ചളികോരി വൃത്തിയാക്കൽ, തോടിന്‍റെ വശങ്ങൾ കെട്ടിസംരക്ഷിക്കൽ തുടങ്ങിയ പ്രവൃത്തികളും പൂർത്തിയാകാതെ കിടക്കുന്നു. പാടത്തും പാടത്തോടുചേർന്ന കരഭൂമിയിലും എള്ള്, മുതിര, പച്ചക്കറി, വാഴ, കപ്പ എന്നിവയും കൃഷിചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story