Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:39 AM IST Updated On
date_range 22 May 2022 5:39 AM ISTമൈലപ്ര ബാങ്ക് തട്ടിപ്പ്: പ്രതിഷേധം വിലക്കി ഭരണകക്ഷികൾ
text_fieldsbookmark_border
സി.പി.എം നേതാവുകൂടിയായ ബാങ്ക് പ്രസിഡന്‍റിനെതിരെ പ്രതിഷേധം കനക്കുന്നു പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പിൽ അണികൾ നടത്തുന്ന പ്രതിഷേധത്തിന് വിലക്കേർപ്പെടുത്തി സി.പി.എം- സി.പി.ഐ ജില്ല നേതൃത്വങ്ങൾ. ബാങ്കിലെ ക്രമക്കേടിനെതിരെ പരസ്യ പ്രതികരണവുമായി ആരും രംഗത്തെത്തരുതെന്നാണ് കർശന നിർദേശം. പാർട്ടി നേതൃത്വങ്ങളുടെ നിലപാടിനെതിരെ മൈലപ്രയിൽ കനത്ത ജനരോഷം ഉയർന്നിട്ടുണ്ട്. ജോയന്റ് രജിസ്ട്രാർ നടത്തിയ ഓഡിറ്റിങ്ങിൽ വൻ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും അഴിമതിക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാങ്കിലേക്കും പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍റെ വീട്ടിലേക്കും വിവിധ പാർട്ടികൾ പ്രതിഷേധങ്ങൾ നടത്തിവരുകയാണ്. നേരത്തേ കേരള കോൺഗ്രസ് അംഗമായിരുന്ന ജെറി ഈശോ ഉമ്മൻ ഇപ്പോൾ സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ്. ബാങ്ക് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് കഴിഞ്ഞയാഴ്ച സി.പി.എം മൈലപ്ര ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. തുടർന്നാണ് സി.പി.എം ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ യോഗം കൂടി പ്രതിഷേധം വിലക്കിയത്. സി.പി.ഐ ലോക്കൽ കമ്മിറ്റിയും മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു. സി.പി.എം വിലക്കിന് പിന്നാലെയാണ് അവർക്കും വിലക്കു വന്നത്. ചൊവ്വാഴ്ച ചേർന്ന സി.പി.എം ലോക്കൽ കമ്മിറ്റി യോഗത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനെതിരെ നടപടി വേണ്ടെന്നാണ് ജില്ല നേതൃത്വത്തിന്‍റെ നിലപാട്. ബാങ്ക് ഭരണസമിതിക്കോ പ്രസിഡന്റിനോ എതിരെ സമര പരിപാടികൾ അനുവദിക്കില്ലെന്നു സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആർ. പ്രസാദ്, പി.ബി. ഹർഷകുമാർ, സജി കുമാർ എന്നിവർ കഴിഞ്ഞയാഴ്ച മൈലപ്രയിൽ കൂടിയ ലോക്കൽ കമ്മിറ്റി യോഗത്തിൽ വിശദീകരിച്ചിരുന്നു. എന്നാൽ, പ്രതിഷേധ പ്രകടനം നടത്തിയവരുടെ പേരിൽ നടപടി ഉണ്ടാകില്ല. നടപടി എടുത്താൽ അത് എൽ.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകാനും ഇടയാക്കും. ലോക്കൽ കമ്മിറ്റി അംഗം ജോഷി കെ. മാത്യുവിന്‍റെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനം നടത്തിയത്. ഇദ്ദേഹത്തിന്‍റെ ഭാര്യ സി.പി.എമ്മിന്‍റെ പഞ്ചായത്ത് അംഗമാണ്. പഞ്ചായത്തിൽ എൽ.ഡി.എഫ്-ഏഴ്, യു.ഡി.എഫ്- ആറ് എന്ന നിലയിലാണ് കക്ഷിനില. ഒരാൾ കൂറുമാറിയാൽ ഭരണവും നഷ്ടമാകും. ------------ നട്ടംതിരിഞ്ഞ് നിക്ഷേപകർ പണം നഷ്ടപ്പെട്ട നിക്ഷേപകർ ദിവസവും ബാങ്കിൽ കയറിയിറങ്ങുകയാണ്. പണം തിരിച്ചുകൊടുക്കുന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. നിക്ഷേപകരുടെ പണം തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും സമരത്തിലാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് 27ന് ബി.ജെ.പി പഞ്ചായത്തിൽ ഹർത്താൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അമൃത ഫാക്ടറിയിലെ ഗോതമ്പിന്റെ കണക്കുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പാലാ, മീനച്ചിൽ മാർക്കറ്റിങ് സംഘങ്ങൾക്ക് നൽകിയ കോടികൾ കിട്ടാനുണ്ട്. അത് തിരിച്ചുകിട്ടുന്ന കാര്യത്തിലും ഒരു ഉറപ്പുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story