ലക്ഷ്യംകാണാതെ സീറോ ആക്സിഡന്റ് ചലഞ്ച്
text_fieldsപാലക്കാട്: പാലക്കാട്-കുളപ്പുള്ളി പാതയിൽ രണ്ടുവർഷം മുമ്പ് നടപ്പാക്കിയ സീറോ ആക്സിഡന്റ് ചലഞ്ച് ലക്ഷ്യം കണ്ടില്ല. മോട്ടോർ വാഹന വകുപ്പ് 2021 ഒക്ടോബറിലാണ് റോഡപകടം പരമാവധി കുറക്കാൻ പൊതുജനങ്ങളെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കിയത്. പാലക്കാട്-കുളപ്പുള്ളി പാതയിൽ നടപ്പാക്കിയ പദ്ധതി പിന്നീട് ജില്ലയിൽ മുഴുവൻ വ്യാപിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് തീരുമാനിച്ചിരുന്നു.
എന്നാൽ, ജില്ലയിൽ ഏറ്റവും അധികം അപകടം നടക്കുന്ന മേഖലയായി പാലക്കാട്-കുളപ്പുള്ളി പാത മാറി. നവീകരണം കഴിഞ്ഞ് 16 വർഷം പിന്നിട്ട പാതയിൽ ഇതിനകം അപകടങ്ങളിൽ പൊലിഞ്ഞത് നൂറിലധികം ജീവനാണ്. പാലക്കാട് മുതൽ കുളപ്പുള്ളി വരെ 48 കി.മീറ്ററിൽ അപകട വളവുകൾ, അനധികൃത പാർക്കിങ്, അമിതവേഗം എന്നിവയാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ജില്ലയിൽ പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്ന അപകടങ്ങളിൽ 11 ശതമാനവും നടക്കുന്നത് ഈ പാതയിലാണ്.
പറളി, മങ്കര, പത്തിരിപ്പാല, ലക്കിടി, കൂട്ടുപാത, മംഗലം, ഒറ്റപ്പാലം, വാണിയംകുളം തുടങ്ങിയ പ്രധാന കവലകൾ കടന്നുപോകുന്ന സംസ്ഥാന പാതയിൽ മിക്കയിടത്തും സിഗ്നൽ സംവിധാനം കാര്യക്ഷമമല്ല. ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന സ്പീഡ് ബ്രേക്കറുകൾ മിക്കതും അപ്രത്യക്ഷമായി. സ്വകാര്യ ബസുകളുടെയും ഇതര സംസ്ഥാന ലോറികളുടെയും അമിതവേഗത്തിൽ പൊലിയുന്നത് നിരവധി ജീവനാണ്. റോഡിലെ സീബ്രലൈനുകൾ ദൂരെനിന്ന് വാഹനങ്ങൾക്ക് തിരിച്ചറിയുന്നതിനും സംവിധാനമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

