ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവ്
text_fieldsഒഴുക്കിൽപ്പെട്ട യുവാവിനായി കോട്ടായി മുട്ടിക്കടവിൽ തെരച്ചിൽ നടത്തുന്നു
കോട്ടായി: ഭാരതപ്പുഴയിൽ മുട്ടിക്കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിനായി തിങ്കളാഴ്ച നടത്തിയ തെരച്ചിലും വിഫലം. രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ തെരച്ചിലിൽ യുവാവിനെ കണ്ടെത്താനായില്ല. മാത്തൂർ തണ്ണിക്കോട് വാടക വീട്ടിൽ താമസിക്കുന്ന സവിതയുടെ മകൻ സുഗുണേശ്വരൻ (18) ആണ് ഞായറാഴ്ച ഉച്ചക്ക് 12.30ന് ഒഴുക്കിൽപെട്ടത്. സുഹൃത്തായ മാത്തൂർ ചുങ്കമന്ദം തണ്ണീരങ്കാട് പവിത്രൻ - ലത ദമ്പതികളുടെ മകൻ അഭിജിത്തിനുമൊപ്പം ഞായറാഴ്ച കോട്ടായി മുട്ടിക്കടവിൽ ഭാരതപ്പുഴ തടയണയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ആദ്യം ഒഴുക്കിൽപ്പെട്ട സുഗുണേശ്വരനെ രക്ഷിക്കാനായി അഭിജിത്തും ഇറങ്ങി. ഇതോടെ ഒഴുക്കിൽപ്പെട്ട അഭിജിതിന്റെ നിലവിളി കേട്ട് സമീപം പശുവിനെ മേക്കുകയായിരുന്ന കൃഷ്ണൻകുട്ടി തടയണയിലേക്ക് ചാടി അഭിജിത്തിനെ രക്ഷപ്പെടുത്തി. സുഗുണേശ്വരനായി ഞായറാഴ്ച വൈകുന്നേരം 5.30 വരെ തെരച്ചിൽ തുടർന്നു. അതിനിടെ ശക്തമായ മഴയെ തുടർന്ന് പുഴയിൽ വെള്ളമുയർന്നതോടെ ഞായറാഴ്ച തെരച്ചിൽ നിറുത്തി. തിങ്കളാഴ്ച വീണ്ടും തെരച്ചിൽ പുനരാരംഭിച്ചെങ്കിലും ഫലം കണ്ടില്ല. യുവാവ് ഒഴുക്കിൽപ്പെട്ട മുട്ടിക്കടവ് തടയണ മുതൽ കാളികാവ് തടയണവരെ തെരച്ചിൽ നടത്തി. ആലത്തൂരിൽ നിന്നും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ദരും എത്തി ഫൈബർ ബോട്ടിന്റെ സഹായത്തോടെ തെരച്ചിൽ നടത്തിയിട്ടും ഫലമില്ലാത്തതിനാൽ തിങ്കളാഴ്ചത്തെ തെരച്ചിൽ നിർത്തി. ചൊവ്വാഴ്ച വീണ്ടും തെരച്ചിൽ നടത്തുമെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

