മോഷ്ടിച്ച ജീപ്പുമായി നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ കുടുങ്ങി
text_fieldsസുധിൽ
പുതുപ്പരിയാരം: കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി നാട്ടിലെത്തിയ യുവാവ് കേരളത്തിൽ വാഹനാപകടത്തിൽ കുടുങ്ങിയതോടെ കർണാടക പൊലീസിന് കിട്ടിയത് അന്തർ സംസ്ഥാന വാഹനമോഷ്ടാവിനെയും കവർന്ന വാഹനവും.
കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ച ഹേമാംബിക നഗർ പൊലീസിന് കർണാടക പൊലീസിന്‍റെ ബിഗ് സല്യൂട്ടും. മുട്ടിക്കുളങ്ങര മാഹാളി വീട്ടിൽ സുധിൽ (24) ആണ് പിടിയിലായത്. കർണാടക പൊലീസ് ഹേമാംബിക നഗർ സ്റ്റേഷനിലെത്തി പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം ഭാഗത്ത് തിങ്കളാഴ്ച വൈകീട്ട് നാലിന് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചിരുന്നു. സംഭവത്തിൽ ഓട്ടോ യാത്രക്കാരന് പരിക്കേറ്റു. അപകടം നടന്ന ഉടനെ കെ.എ. 46 എം. 4750 നമ്പർ ജീപ്പ് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
തുടർന്ന് ഡ്രൈവറെ ഒലവക്കോട് നിന്ന് പൊലീസ് പിടികൂടി. വിശദമായ ചോദ്യം ചെയ്യലിൽ വാഹനം കർണാടകയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കുറ്റ സമ്മതം നടത്തി. വിവരം കർണാടക പൊലീസിന് കൈമാറി. ഹാസൻ ജില്ലയിൽ ആളൂർ സ്റ്റേഷനിൽ ഈ വാഹനം കളവ് പോയതായി കേസുണ്ടായിരുന്നു.
ഇയാൾ മുമ്പും കഞ്ചാവ് കടത്ത്, വാഹനമോഷണം എന്നീ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി. വിപിൻ, ജി.എസ്.ഐ. കെ. ശിവ ചന്ദ്രൻ, എ.എസ്.ഐ. സി. ജയമോൻ, ജി.എസ്.സി.പി.ഒ. ജി. ഗ്ലോറിസൺ, സി.പി.ഒ.മാരായ സി.എൻ. ബിജു, സി. രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

