രോഗ നിർണയം പിഴച്ചു; പൊലിഞ്ഞത് ദലിത് യുവാവിന്റെ ജീവൻ
text_fieldsവിജയൻ
പാലക്കാട്: രോഗ നിർണയം നടത്തുന്നതിൽ ഡോക്ടർമാർക്കുണ്ടായ പിഴവിൽ 42 കാരനായ ദലിത് യുവാവിന് ജീവൻ നഷ്ടമായെന്ന് പരാതി.
വെസ്റ്റ് യാക്കര കണ്ണംപരിയാരം വിജയന്റെ മരണത്തിൽ ഭാര്യ രജിത, സഹോദരി കുഞ്ഞുലക്ഷ്മി എന്നിവരാണ് പാലക്കാട് ജില്ല ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ പരാതിയുമായി ആരോഗ്യമന്ത്രിയെയും ജില്ല മെഡിക്കൽ ഓഫിസറെയും സമീപിച്ചത്.
കഴിഞ്ഞ ഒക്ടോബർ 31ന് എലിപ്പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മരിച്ച വിജയൻ 26നാണ് ശാരീരിക അസ്വസ്ഥതകളോടെ ഭാര്യക്കൊപ്പം ജില്ല ആശുപത്രി ഒ.പിയിലെത്തിയത്. സാധാരണ പനിക്കുള്ള മരുന്ന് നൽകി വിട്ടയച്ച വിജയന് രോഗം മൂർഛിച്ചതിനെത്തുടർന്ന് ദേഹവേദനയുമായി തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ ജില്ല ആശുപത്രിയിലെത്തിയെങ്കിലും കാര്യമായി ചികിത്സ നടത്തുകയോ ടെസ്റ്റുകൾ നടത്തുകയോ ചെയ്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
30ന് വീണ്ടും ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. അന്ന് രാവിലെ ഒ.പിയിലെത്തി മരുന്നുമായി മടങ്ങിയെങ്കിലും രാത്രി അസ്വസ്ഥത വർധിച്ചതിനെത്തുടർന്ന് ജില്ല ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചു. അവിടെ വെച്ചും മതിയായ ചികിത്സ ലഭിച്ചില്ല. രോഗ വിവരമോ രോഗി അത്യാസന്ന നിലയിലാണെന്നോ തങ്ങളെ അറിയിച്ചില്ലെന്ന് ഭാര്യ രജിത ആരോഗ്യവകുപ്പ് അധികൃർക്ക് നൽകിയ പരാതിയിൽ പറയുന്നു.
തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഭർത്താവ് അതിഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലായതെന്ന് രജിത പറയുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും 31ന് മരിച്ചു.
തുടർന്ന് ജില്ല ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയിലുള്ള മറുപടിയിൽ യഥാസമയം രോഗ വിവരങ്ങൾ കൂട്ടിരുപ്പുകാരെ അറിയിച്ചിരുന്നതായി ജില്ല ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. യഥാസമയം ചികിത്സ നൽകിയിരുന്നതായും പിഴവുണ്ടായില്ലെന്നും സൂപ്രണ്ട് പറയുന്നു.
അതേസമയം രോഗവിവരം മനസ്സിലാക്കാതെയും ആവശ്യമായ ടെസ്റ്റുകൾ നടത്താതെയുമാണ് വിജയൻ മരിച്ചതെന്നും ചികിത്സ നടത്തിയ ഡോക്ടർമാർക്കെതിശര സമഗ്ര അന്വേഷണം നടത്തി നടപടി വേണമെന്നും ഭാര്യ രജിത, സഹോദരി കുഞ്ഞുലക്ഷ്മിയും പരാതിയിൽ ആവശ്യപ്പെട്ടു. മാതാവ് കിടപ്പിലാണ്. ഭാര്യയും മൂന്നുവയസ്സുമുള്ള ഏകമകനുമാണ് വീട്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

