തൊഴിലിടങ്ങളിലെ പീഡനപരാതി; ഇരകൾ നേരിടുന്നത് ഇരട്ട വിചാരണ
text_fieldsപാലക്കാട്: തൊഴിലിടങ്ങളിലെ സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള 2013ലെ ചട്ടപ്രകാരം പരാതിക്കാരായ സ്ത്രീകൾ അനുഭവിക്കുന്നത് ഇരട്ട വിചാരണ. ഈ നിയമപ്രകാരം രൂപവത്കരിക്കപ്പെട്ട ആഭ്യന്തര കമ്മിറ്റികൾ വിചാരണ നടത്തി നൽകുന്ന റിപ്പോർട്ട്, സർവിസ് ചട്ടപ്രകാരം അന്വേഷണ അതോറിറ്റി നൽകുന്ന ഔദ്യോഗിക വിചാരണ റിപ്പോർട്ടായി പരിഗണിക്കാത്തതാണ് ഇരകൾക്ക് ദുരിതമാകുന്നത്. അന്വേഷണ അതോറിറ്റി നൽകുന്ന റിപ്പോർട്ടായി പരിഗണിക്കണമെന്ന് സുപ്രീംകോടതി അനുശാസിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര കമ്മിറ്റികൾ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് നൽകിയശേഷം സർവിസ് റൂളനുസരിച്ച് വീണ്ടും അന്വേഷണം നടത്താറുണ്ട്. തുടർന്നാണ് ശിക്ഷാനടപടി സ്വീകരിക്കുന്നത്.
വിഷയത്തിലെ അവ്യക്തത പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് സ്ത്രീസൗഹൃദ കൂട്ടായ്മയായ ‘സഖി‘ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. നിയമത്തിന്റെ 12ാം വകുപ്പനുസരിച്ച് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീക്ക് മൂന്നുമാസം വരെ പ്രത്യേക അവധിക്ക് അവകാശമുണ്ട്.
പക്ഷേ, സർക്കാർ ഉദ്യോഗസ്ഥരുടെ അവധിയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇത്തരം ഭേദഗതി വരുത്തിയിട്ടില്ല. കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട് ചട്ടം പുറത്തിറക്കിയിരുന്നു. ഇത് മാതൃകയാക്കി സർക്കാർ ലീവ് റൂളിൽ ഭേദഗതി വരുത്തണം.
പരാതികളിൽ എങ്ങനെ അന്വേഷണം നടത്തണമെന്നതിൽ ആഭ്യന്തര കമ്മിറ്റികൾക്ക് ആശയക്കുഴപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

