എങ്ങും സ്ത്രീകളുടെ നീണ്ടനിര
text_fieldsകൽപാത്തി എൽ.പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാെനത്തിയവരുടെ നീണ്ടനിര
പാലക്കാട്: വീറും വാശിയും നിറഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ ബൂത്തുകൾ സന്ദർശിച്ചപ്പോൾ കാണാനായത് സ്ത്രീ വോട്ടർമാരുടെ നീണ്ടനിര. ഇളംവെയിലേറ്റ് രാവിലെ മുതൽതന്നെ പലരുംവരി നിന്നു. പതിവുപോലെ ഗ്രാമപ്രദേശങ്ങളിലായിരുന്നു തിരക്ക് കൂടുതൽ. സ്ത്രീവോട്ടർമാർക്കൊപ്പം യുവജനങ്ങളുടെയും നിര പ്രകടമായി. വിളയൂർ സെന്റർ വാർഡിന്റെ പോളിങ് സ്റ്റേഷനായ വിളയൂർ ഹൈസ്കൂളിലെ രണ്ട് ബൂത്തുകളിൽ ഒന്നാം നമ്പർ ബൂത്തിൽ രാവിലെതന്നെ നല്ല തിരക്കായിരുന്നു. 591 പുഷൻമാരും 712 സ്ത്രീകളുമടക്കം 1303 വോട്ടർമാരുള്ള വാർഡിൽ 8.30 ഓടെ തന്നെ 12 ശതമാനത്തോളം വോട്ട് പോൾ ചെയ്തിരുന്നു.
കരിങ്ങനാട് വാർഡിലും കനത്ത പോളിങ്ങായിരുന്നു 1220 വോട്ടർമാരുള്ള വാർഡിൽ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ 10 ശതമാനത്തിലധികം പോളിങ് നടന്നു. നെല്ലായ പഞ്ചായത്തിലെ വാർഡ് 16 കിഴക്കുംപറമ്പിലും വാർഡ് 17 എഴുവന്തലയിലും കനത്ത പോളിങ്ങ് രേഖപ്പെടുത്തി.
എഴുവന്തല വാർഡിലെ പോളിങ്ങിനായി ഒരുക്കിയ മദ്റസാഹാളിൽ രണ്ട് ബൂത്തുകളിലുമായി 1394 വോട്ടർമാരാണുള്ളത്. ഇതിൽ 11ഓടെ തന്നെ 50 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. ചെർപ്പുളശേരി നഗരസഭ പുത്തനാലിക്കൽ വാർഡിൽ ഉച്ചക്ക് 12 ഓടെ 400 ലധികം വോട്ട് പോൾ ചെയ്തു.
കച്ചേരിക്കുന്ന് എ.എം.എൽ.പി. സ്കൂളിൽ മൂന്ന് വാർഡുകൾക്കായി മൂന്ന് ബൂത്തുകളാണ് ഒരുക്കിയിരുന്നത്. 11, 12, 13 വാർഡുകളായ 26ാം മൈൽ, കച്ചേരിക്കുന്ന്, മണ്ടക്കരി എന്നിവക്കാണ് സ്കൂളിൽ ബുത്തൊരുക്കിയത്. സൗകര്യങ്ങൾ കുറവായിരുന്നെങ്കിലും മുറ്റത്ത് പന്തൽ ഒരുക്കിയത് വോട്ടർമാർക്ക് ആശ്വാസമായി. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. 1086 വോട്ടർമാരുള്ള 26ാം മൈൽ വാർഡിൽ 12.30 ആയപ്പോഴേക്കും 480 ലധികം വോട്ടുകൾ പോൾ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

