വന്യജീവി ശല്യം; തോക്ക് സറണ്ടർ ചെയ്യുന്നത് കർഷകർക്ക് തിരിച്ചടിയാകും
text_fieldsപാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ ലൈസൻസുള്ള തോക്കുകൾ പൊലീസ് സ്റ്റേഷനുകളിൽ ഏൽപിക്കേണ്ടി വരുന്നത് കർഷകർക്കും ഗ്രാമീണ മേഖലക്കും തിരിച്ചടിയാകും. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ തോക്കുകൾ സ്റ്റേഷനിൽ ഏൽപിക്കുന്നതോടെ വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും തടസ്സപ്പെടുമെന്നാണ് ആശങ്ക.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് തന്നെ തോക്കുകൾ പൊലീസ് സ്റ്റേഷനുകളിൽ ഏൽപ്പിക്കേണ്ടിവരുന്നത് രണ്ടാം വിള നെല്ല് കൊയ്തെടുക്കാനുള്ള കർഷകർക്കും കിഴങ്ങുവർഗങ്ങൾ കൃഷിയിറക്കിയവർക്കും ഭീഷണിയാവും. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന ഉത്തരവ് നിലനിൽക്കെയാണ് തോക്കുകൾ സറണ്ടർ ചെയ്യേണ്ടി വരുന്നത്.
മേയ് 28 വരെ കാലാവധിയുള്ള ഈ ഉത്തരവ് പ്രകാരം പ്രവർത്തിക്കുന്ന ഷൂട്ടർമാർക്ക്, തോക്കുകൾ സ്റ്റേഷനിൽ ഇരിക്കുന്നതോടെ കാട്ടുപന്നികളെ നേരിടാൻ സാധിക്കില്ല. വേനൽ മഴ പെയ്തതോടെ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പേ തോക്കുകൾ വാങ്ങാൻ പൊലീസ് നിർദേശം നൽകുന്നു എന്ന് പരാതിയുണ്ട്. പ്രത്യേക സ്ക്രീനിങ് കമ്മിറ്റി കൂടി തീരുമാനമെടുക്കാതെ തോക്കുകൾ വാങ്ങി വെക്കാൻ പൊലീസിന് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ഈ നടപടി. ഈ സാഹചര്യത്തിൽ, പഞ്ചായത്തുകൾ എം. പാനൽ ചെയ്ത ഷൂട്ടർമാർക്ക് തോക്ക് സറണ്ടർ ചെയ്യുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന് കിഫ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

