ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു
text_fieldsഅലനല്ലൂർ: എടത്തനാട്ടുകര ഉപ്പുകുളത്തും, തിരുവിഴാംകുന്ന് കച്ചേരി പറമ്പിലും ജനവാസ മേഖലകളിൽ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ഉപ്പുകുളം പൊൻപ്പാറയിൽ ആനക്കൂട്ടം കൃഷി നശിപ്പിച്ചത്.
വട്ടമണ്ണപ്പുറം സ്വദേശി പാറക്കൽ ഉമ്മറിന്റെ 50 ഓളം കവുങ്ങുകൾ നശിപ്പിച്ചു. വനം വകുപ്പ് ജീവനക്കാർ ആനകളെ കാട്ടിലേക്ക് തുരത്തി. രാത്രി വീണ്ടും ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കച്ചേരി പറമ്പിൽ ചെമ്പത്ത്കാടിൽ പുളിയക്കോട്ടിൽ ഹംസയുടെ മകൻ അബ്ദുൽ റസാഖ്, അലി പുളിയക്കോട് എന്നിവരുടെ അമ്പതോളം വാഴകളും പതിനാല് കമുകുകളും നശിപ്പിച്ചു. രണ്ട് ആനകളാണ് ഇവിടെ ഇറങ്ങിയത്. മൂന്ന് ദിവസങ്ങളായി പ്രദേശത്ത് ആനകളുണ്ടായിരുന്നു. സൈലൻ്റ് വനമേഖലയിലേക്ക് ആനകളെ തുരത്തിയിട്ടുണ്ട്. ഇടവേളക്ക് ശേഷമാണ് ഉപ്പുകുളത്തും, കച്ചേരി പറമ്പിലും ജനവാസ മേഖലയിൽ ആനകൾ എത്തിയത്. ചില ഭാഗങ്ങളിൽ സൗരോർജ വേലി ഇല്ലാത്തതിനാലും, ഉള്ള സ്ഥലങ്ങളിൽ വേലി നശിച്ചതിലുമാണ് ആനകൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ഉപ്പുകുളം ഫോറസ്റ്റ് ഓഫിസിന് അഞ്ഞൂറ് മീറ്റർ അകലത്തിലാണ് ആനകൾ ഇറങ്ങിയത്.

