Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൽച്ചാടിയിൽ...

കൽച്ചാടിയിൽ കലിപ്പടങ്ങാതെ കാട്ടാനക്കൂട്ടം

text_fields
bookmark_border
wild elephant
cancel

നെന്മാറ: കൽച്ചാടി പുഴയുടെ തീരങ്ങളിൽ ഭീതിവിതച്ച് കാട്ടാനക്കൂട്ടം. അയിലൂർ ഗ്രാമപഞ്ചായത്തിലെ മരുതഞ്ചേരി, കോപ്പൻകുളമ്പ്, വടക്കൻ ചിറ, കൽച്ചാടി, ചള്ള, പൂഞ്ചേരി തുടങ്ങി ജനവാസ കേന്ദ്രങ്ങളിൽ മൂന്നാഴ്ചയായി കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശമാണുണ്ടാക്കിയതെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം മരുതഞ്ചേരിയിലെ നാരായണനുണ്ണി, അബ്ദുൽ റഹ്മാൻ, മുത്തഹമ്മദ് തുടങ്ങിയവരുടെ വളപ്പിലുള്ള 64 കുലച്ച വാഴകൾ നശിപ്പിച്ചു.

പുലർച്ചെ റബർ ടാപ്പിങ്ങിനുവന്ന ബിനു ആനക്കൂട്ടത്തെ കണ്ട് പേടിച്ച് ഒച്ച വെച്ചതോടെ വീട്ടുകാരും മറ്റും ചേർന്ന് ശബ്ദമുണ്ടാക്കി ആനക്കൂട്ടത്തെ സമീപത്തെ പുഴയിലേക്ക് അകറ്റുകയായിരുന്നു.

രാത്രി കാട്ടാനക്കൂട്ടം കോപ്പൻ കുളമ്പ്, പെരുങ്കടമ്പ് പ്രദേശങ്ങളിലെ കർഷകരായ കോഴിക്കാട് കൃഷ്ണൻ, വത്സൻ തോട്ടത്തിൽ, മോഹനൻ, അഡ്വ. സുരേഷ് കുമാർ, മോഹൻദാസ് പെരുമാങ്കോട് തുടങ്ങിയവരുടെ വീട്ടുവളപ്പിലെയും സമീപത്തെ തെങ്ങിൻതോപ്പിലും വാഴത്തോട്ടങ്ങളിലും വ്യാപകമായി നാശം വരുത്തി. പ്ലാവുകളിലെ ചക്കയും കൃഷി സ്ഥലങ്ങളിലെ കമ്പിവേലി, നെറ്റ് വേലി തുടങ്ങിയവയും ഒന്നര കിലോമീറ്റർ ദൂരത്തിൽ കൃഷിസ്ഥലങ്ങളിലും നാശം വരുത്തി. കാട്ടാനക്ക് മുന്നിൽ അകപ്പെട്ട ടാപ്പിങ് തൊഴിലാളികളും പ്രഭാതസവാരിക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കമുക്, തെങ്ങ്, ജാതിക്ക, കൊക്കോ, കുരുമുളക് തുടങ്ങിയ നാണ്യവിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.

വനമേഖലയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ജനവാസ കേന്ദ്രമായ മരുതഞ്ചേരിയിൽ കാട്ടാനക്കൂട്ടം എത്തിയത് പ്രദേശവാസികളിൽ ഭയപ്പാട് ഉണ്ടാക്കി. മരുതഞ്ചേരി കോപ്പൻ കുളമ്പ് റോഡരികിലെ 12 വീട്ടുവളപ്പുകളിലാണ് ഒറ്റ രാത്രി കാട്ടാനക്കൂട്ടം ഇറങ്ങി നാശം വരുത്തിയത്.

തെരുവ് വിളക്കുകളുടെ കുറവ് വന്യമൃഗ ശല്യം വർധിക്കാൻ കാരണമായി.തുച്ഛമായ നഷ്ടപരിഹാരത്തിനായി വരുമാനമാർഗങ്ങൾ നഷ്ടപ്പെടുത്തി വനം വകുപ്പിൽ നഷ്ടപരിഹാരത്തിന് പോകാത്തത് അധികൃതർ സൗകര്യമായി കണക്കാക്കുന്നതായി പ്രദേശവാസികൾ ആക്ഷേപിച്ചു. ആനക്കൂട്ടം പതിവായി വരുന്ന വനമേഖലയോട് ചേർന്ന് വനം ദ്രുത കർമ സേനയെ സ്ഥിരമാക്കുകയും രാത്രികാലങ്ങളിൽ പട്രോളിങ് നടത്തി പടക്കവും വിവിധതരം ലൈറ്റുകളും ഉപയോഗിച്ച് കാട്ടാനകളെ തടയാനുള്ള മാർഗം വനംവകുപ്പ് സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant menace
News Summary - wild elephant menace at kalchady
Next Story