നെല്ലിയാമ്പതി ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടാന
text_fieldsനെല്ലിയാമ്പതി ചന്ദ്രാമലയിലെത്തിയ കാട്ടാന
നെല്ലിയാമ്പതി: കഴിഞ്ഞ ദിവസം രാത്രി ഒറ്റയാൻ എത്തിയ ചന്ദ്രാമല എസ്റ്റേറ്റിലെ മട്ടത്ത്പാടിയിൽ നാല്പതോളം വീട്ടുകാർ കഴിയുന്നത് കടുത്ത ഭീതിയിൽ. കാട്ടാന നടന്ന വഴിയിലെ വൈദ്യുതി വയറുകൾ പോസ്റ്റിൽ നിന്ന് പൊട്ടിവീണതോടെ വീടുകളിലെ വൈദ്യുതി നിലയ്ക്കുകയും പട്ടികളും പശുക്കളും പേടിച്ച് ഒച്ച വെക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് ആനയുടെ സാന്നിധ്യം പാടിയിൽ ഉള്ളവർ അറിയുന്നത്. നെല്ലിയാമ്പതി കൈകാട്ടിയിലെ വനം വകുപ്പ് ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകൻ എത്തിയെങ്കിലും ആനയെ തുരത്താൻ കഴിഞ്ഞില്ല. ഏറെനേരം പാടികൾക്ക് സമീപത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് സമീപവും കറങ്ങി നടന്നെങ്കിലും വാഹനങ്ങൾ നശിപ്പിച്ചില്ല.
താമസക്കാർ ബഹളം വെച്ചതോടെ ആന ആളുകൾക്ക് നേരെ പാഞ്ഞുവന്നു വെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടുകളിലെ ജനലുകളും വാതിലുകളിലും മുട്ടി തുറക്കാൻ ശ്രമിച്ച ശേഷം പാടികൾക്ക് സമീപത്തെ പ്ലാവിലെ ചക്ക പറിച്ച് തിന്നാണ് കാട്ടാന മടങ്ങിയത്. ആന കൂടുതൽ ശല്യമായാൽ പടക്കം പൊട്ടിക്കാൻ നിർദേശിച്ച് വനം ജീവനക്കാർ രാത്രി മടങ്ങി.
പ്രദേശത്ത് പതിവായി കാണാറുള്ള കാട്ടാനയല്ല ഇതെന്നും അക്രമണ സ്വഭാവം കാണിക്കുന്നതിനാൽ മറ്റു പ്രദേശത്തുനിന്ന് വന്നതാണെന്നും പാടിയിലുള്ളവർ പറഞ്ഞു. കഴിഞ്ഞയാഴ്ച പുലയമ്പാറ, സീതാർകുണ്ട്, ഊത്തുകുഴി മേഖലകളിൽ ഭീതി പടർത്തിയ കാട്ടാനയാണിതെന്നും വനംജീവനക്കാർ വനത്തിലേക്ക് തുരത്തിയ കാട്ടാന മടങ്ങിയെത്തിയതാണ് ഇതൊന്നും പ്രദേശവാസികൾ പറയുന്നു.
പകൽസമയം വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ ഒളിച്ചുകഴിയുന്ന ഒറ്റയാൻ രാത്രിയാണ് ജനവാസ മേഖലകളിലേക്ക് എത്തുന്നത്. ആക്രമണ സ്വഭാവം കാണിക്കുന്ന ശല്യക്കാരനായ ഈ ആനയെ പറമ്പിക്കുളം വനമേഖലയിലേക്ക് തുരത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പും ചന്ദ്രമല എസ്റ്റേറ്റിൽ ഒറ്റയാനെത്തി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

