അട്ടപ്പാടിയിൽ രണ്ടിടങ്ങളിൽ കാട്ടാന ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: അട്ടപ്പാടിയിൽ രണ്ടിടങ്ങളിലുണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മുള്ളി ഉന്നതി നിവാസി വെള്ളിങ്കിരി (39), ഷോളയൂർ പൊട്ടിക്കൽ സ്വദേശികളായ എ.ടി. പ്രസാദ് (60), ബിൻസി സേവ്യർ (51) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അട്ടപ്പാടി ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴെ മുള്ളിയിൽ വ്യാഴാഴ്ച പുലർച്ചെ 2.45ഓടെയായിരുന്നു ആദ്യ ആക്രമണം. പ്രാഥമികാവശ്യത്തിനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വെള്ളിങ്കിരിയെ പിന്നിൽ നിന്ന് എത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. മുഖത്ത് ഗുരുതരപരിക്കേറ്റ വെള്ളിങ്കിരിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.
രാവിലെ 5.15ഓടെ ഗൂളിക്കടവിലായിരുന്നു രണ്ടാമത്തെ സംഭവം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന ബിൻസി സേവ്യറെയും ഡ്രൈവർ എ.ടി. പ്രസാദിനെയും കാട്ടാന ആക്രമിച്ചു. കുറ്റിക്കാട്ടിൽ ഒളിച്ചുനിന്ന ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് പ്രസാദ് പറഞ്ഞു. ബിൻസിയെ രാവിലെ 5.50ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറ്റിവിടാൻ പോകുന്നതിനിടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാലത്തിന്റെ അടിയിലേക്ക് മറിഞ്ഞുവീണു. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. വെള്ളിങ്കിരിയുടെ മുഖത്തെ പരിക്ക് ഗുരുതരമാണെന്നും പ്രസാദിന് നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അടുത്തടുത്ത സമയങ്ങളിൽ ഉണ്ടായ കാട്ടാന ആക്രമണം അട്ടപ്പാടിയിലെ ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് വന്യജീവി സാന്നിധ്യം ശക്തമായ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

