കാട്ടാനശല്യം; അടിക്കാടുകൾ വെട്ടി നീക്കി
text_fieldsകച്ചേരിപ്പറമ്പ് തോട്ടപ്പായിക്കുന്ന് റോഡരികിലെ അടിക്കാടുകൾ വെട്ടി മാറ്റുന്നു
അലനല്ലൂർ: കാട്ടാന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കച്ചേരിപ്പറമ്പ്-തോട്ടപ്പായിക്കുന്ന് റോഡരികിലെ ഒന്നര കിലോമീറ്റർ ഭാഗത്തെ കുറ്റിക്കാടുകൾ വനസംരക്ഷണ സമിതി
വെട്ടിനീക്കി. കരടിയോട്, തോട്ടപ്പായിക്കുന്ന് ഭാഗങ്ങളിൽനിന്ന് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ബസ് കയറാനും മറ്റുമായി ഈ റോഡിലൂടെ കാൽനടയായി പോകാറുണ്ട്. ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡ് വന മേഖലയോട് ചേർന്നായതിനാൽ കോട്ടാണി വന മേഖലയിൽനിന്ന് ആനകൾ റോഡിൽ ഇറങ്ങുന്നത് പതിവാണ്.
ഈ സാഹചര്യത്തിലാണ് കച്ചേരിപ്പറമ്പ് വനം സംരക്ഷണ സമിതി പ്രദേശവാസികളുടെയും പൊതുപ്രവർത്തകരുടെയും വനം വകുപ്പുന്റെയും സഹകരണത്തോടെ റോഡരികിലെ കാടുകൾ വെട്ടിനീക്കിയത്. ആനകൾ റോഡിൽ ഇറങ്ങുന്നത് തടയുക മാത്രമല്ല ആനകളുടെ സാന്നിധ്യം ഉണ്ടെകിൽ യാത്രക്കാരുടെ ശ്രദ്ധയിൽപെടാൻ ഇത് സഹായകമാകുമെന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. സുനിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കാളപൂട്ട് മത്സരത്തിനിടെ കാട്ടനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
ആനകളുടെ ആക്രമണം മനുഷ്യർക്ക് നേരെയും ഉണ്ടായതോടെ ആനകളെ തുരത്താൻ പരിഹാരമാർഗം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ ഡി.എഫ്.ഒയുമായി നടത്തിയ ചർച്ചയിലാണ് സ്വകാര്യ സ്ഥലങ്ങളോട് ചേർന്നുള്ള ഭാഗങ്ങളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കാൻ തീരുമാനിച്ചത്. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. സുനിൽ കുമാർ, ഡെപ്യൂട്ടി ഗ്രേഡ് റേഞ്ച് ഓഫിസർ യു. ജയകൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫസർ എം. ജഗതീഷ്, വനം സംരക്ഷണ സമിതി പ്രസിഡന്റ് ഇല്ല്യാസ് താളിയിൽ, സെക്രട്ടറി എസ്. പ്രസാദ്, ടി.കെ. ഇപ്പു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്.
കാട്ടാന നെൽകൃഷി നശിപ്പിച്ചു
പുതുപ്പരിയാരം: കൊയ്ത്തിനൊരുങ്ങുന്ന നെൽപാടങ്ങളിൽ കാട്ടാന വിളയാട്ടം. മൂന്ന് ദിവസങ്ങളിലായി ജനവാസ മേഖലക്കടുത്ത കൃഷിയിടങ്ങളിലെത്തി നശിപ്പിച്ചത് കൊയ്യാൻ പാകമായ രണ്ടര ഏക്കർ നെൽകൃഷി. മുണ്ടൂർ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിലാണ് നെൽകൃഷി നശിപ്പിച്ചത്. വയലിനും ചുറ്റും കർഷകർ സ്വന്തം നിലക്ക് സ്ഥാപിച്ച സൗരോർജവേലി തകർത്താണ് കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്.
നൊച്ചിപ്പുള്ളി വടക്കേക്കളത്തിൽ ജയകൃഷ്ണൻ, കയ്യറ ആനപ്പാറ കൃഷ്ണൻ എന്നിവരുടെ പാട്ടകൃഷിയും നശിപ്പിച്ചതിൽ ഉൾപ്പെടും. രണ്ടാഴ്ചക്കിടെ മുണ്ടൂർ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളിലെ 15 കർഷകരുടെ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന കാർഷിക വിളകളും സ്ഥാവരജംഗമ വസ്തുക്കളും നശിപ്പിച്ചിരുന്നു.
കമ്പിവേലിയും ചുറ്റുമതിലും തകർത്താണ് കാട്ടാനകൾ ജനവാസ മേഖലയിൽ എ
ത്തുന്നത്.
നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ കാട്ടാനകൾ കാടിറങ്ങുന്നത് തടയാൻ പര്യാപ്തമല്ലെന്ന് കർഷകർ പരാതിപ്പെട്ടു. ദാഹജലവും തീറ്റയും തേടിയാണ് ഇവ കാടിറങ്ങുന്നത്. കയ്യറയിൽ കുളക്കരകളിലും കനാൽ തീരപ്രദേശങ്ങളിലും പതിവായി എത്തുന്നുണ്ട്.
മൂപ്പെത്തിയ നെൽച്ചെടികൾ പിഴുതുതിന്നും ചവിട്ടിമെതിച്ചും കാട്ടാനകൾ കാട്ടുന്ന പരാക്രമം കാരണം കൊയ്ത്ത് കഴിയുന്നതുവരെ കർഷകർ കഷ്ടപ്പെടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

