വൈദ്യുതി അപകടസാധ്യത അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം
text_fieldsപാലക്കാട്: കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് അപകടസാധ്യത ശ്രദ്ധയിൽപെട്ടാല്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി പ്രത്യേക വാട്സ് ആപ് സംവിധാനം നിലവില്‍ വന്നു. കെ.എസ്.ഇ.ബിയുടെ എമര്‍ജന്‍സി നമ്പരായ 9496 010101ലേക്കാണ് വാട്സ് ആപ് സന്ദേശമയക്കേണ്ടത്.
അപകടസാധ്യതയുള്ള പോസ്റ്റ്/ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പര്‍, സെക്ഷന്‍ ഓഫിസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോണ്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. കെ.എസ്.ഇ.ബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷന്‍ ഓഫിസുകളിലേക്ക് പരിഹാര നിർദേശമുള്‍പ്പെടെ കൈമാറും.
വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതകള്‍ ജനപങ്കാളിത്തത്തോടെ മുന്‍കൂട്ടി കണ്ടെത്തി ഒഴിവാക്കുന്നതിന് ഈ പുതിയ സംവിധാനം സഹായകമാകും. പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 1912 എന്ന 24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പറിലും 9496001912 എന്ന നമ്പറിലും വാട്സ് ആപ് മുഖേന 9496001912 ലും ബന്ധപ്പെടാവുന്നതാണ്. 9496010101 എന്ന നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്.
ബുധനാഴ്ച നടന്ന വൈദ്യുതി സുരക്ഷ അവാര്‍ഡ് ദാനച്ചടങ്ങില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി വാട്സ് ആപ് സംവിധാനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. മഴക്കാലത്ത് വൈദ്യുതി ലൈനില്‍നിന്നും അനുബന്ധ ഉപകരണങ്ങളില്‍നിന്നും ഷോക്കേറ്റ് പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം സജ്ജമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

