പാലക്കാട്: നഗരത്തിൽ പ്രധാന നിരത്തുകളിലടക്കം കുന്നുകൂടിയ മാലിന്യം. ഒരിടത്ത് പ്ലാസ്റ്റിക് മാലിന്യമാണെങ്കിൽ മറ്റൊരിടത്ത് കോൺക്രീറ്റ് മാലിന്യമെന്നായതോടെ നഗരവാസികൾ ദുരിതത്തിലായി.
പ്ലാസ്റ്റിക് നിരോധിച്ച നഗരത്തിൽ പ്ലാസ്റ്റിക് സഞ്ചികളിൽ കെട്ടിയാണ് മാലിന്യം വലിച്ചെറിയുന്നത്. പല റോഡുകളിലും മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത സ്ഥിതി. മാലിന്യം തള്ളരുതെന്ന ബോർഡിന് തൊട്ടുതാഴെ മാലിന്യം കൂടിക്കിടക്കുന്ന ഇടങ്ങളും കുറവല്ല.
ഒഴിഞ്ഞ പറമ്പുകളും ആളില്ലാത്ത ഇടവഴികളും തിരക്കു കുറഞ്ഞ റോഡുകളുമാണ് മാലിന്യം തള്ളുന്നവരുടെ ഇഷ്ട കേന്ദ്രങ്ങൾ. പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ ഭക്ഷണാവശിഷ്ടങ്ങളും കോഴിമാലിന്യവും പഴയ തുണികളും ഉള്‍പ്പെടെ എല്ലാത്തരം മാലിന്യവും നഗരത്തില്‍ പലയിടത്തായി തള്ളുന്നുണ്ട്.
നഗരപരിധിയിലെ റോഡോരങ്ങളില്‍ മാലിന്യം തള്ളുന്നത് പിടികൂടാൻ നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാത്രികാല പട്രോളിങ് സംഘത്തിെൻറ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. വേണ്ടത്ര ശുചീകരണ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ മാലിന്യനീക്കം മന്ദഗതിയിലാണ്. നഗരത്തിെൻറ പല ഭാഗങ്ങളും ചീഞ്ഞുനാറുകയാണ്.
മേപ്പറമ്പ് ബൈപാസ്, ചക്കാന്തറ പള്ളി പരിസരം, സുല്‍ത്താന്‍പേട്ട മാതാകോവില്‍ സ്ട്രീറ്റ്, കല്‍മണ്ഡപം കനാല്‍ പരിസരം, പട്ടിക്കര-ചുണ്ണാമ്പുത്തറ റോഡ് തുടങ്ങി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യക്കൂനകൾ ഉയർന്നുകഴിഞ്ഞു. ഇടവിട്ട് മഴ പെയ്യുന്നതിനാൽ മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നതിനു പുറമെ ഇവ തെരുവുനായ്ക്കള്‍ റോഡിലേക്ക് കടിച്ചുകീറി ഇടുന്നത് കാല്‍നട-വാഹനയാത്രക്കാര്‍ക്ക് പ്രയാസവും സൃഷ്ടിക്കുന്നുണ്ട്. ശുചീകരണ തൊഴിലാളികളുടെ കുറവുമൂലം ഒരോ ഭാഗങ്ങളില്‍നിന്നും മാലിന്യം നീക്കം ചെയ്തു വരുമ്പോഴേക്കും ആദ്യം നീക്കം ചെയ്ത ഇടങ്ങളെല്ലാം പഴയപടിയാകുന്ന സ്ഥിതിയാണെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.