അപകടം കൊമ്പുകുലുക്കുന്ന വഴികൾ; ഇവർക്ക് സ്കൂളിലേക്ക് ദുരിതയാത്ര
text_fieldsമംഗലംഡാം: ഏതുസമയവും അപകടം കൊമ്പുകുലുക്കി ഓടിയെത്തും. പുത്തനുടുപ്പിട്ട് പുതിയബാഗും കുടയുമൊക്കെയായി വിദ്യാർഥികൾ സ്കൂളിൽ പോകാനൊരുങ്ങുമ്പോൾ മംഗലംഡാമിലും മലയോരമേഖലയിലും രക്ഷിതാക്കൾക്ക് ആധിയാണ്. മംഗലംഡാം മലയോരപ്രദേശങ്ങളായ കവിളുപാറ, ഓടംതോട്, കടപ്പാറ എന്നിവിടങ്ങളിൽ ഭീതിവിതച്ച് ഇടക്ക് കാട്ടുപോത്തിറങ്ങും. പടക്കം പൊട്ടിച്ച് കാട്ടുപോത്തിനെ വനപാലകർ വനത്തിലേക്ക് കയറ്റിവിട്ടെങ്കിലും പിന്നെയും തിരിച്ചെത്തുകയാണെന്ന് നാട്ടുകാർ പറയുന്നു. മൂന്നുദിവസം മുമ്പ് കടപ്പാറയിൽ കടമപ്പുഴ റബർ എസ്റ്റേറ്റിൽ മൂന്ന് കാട്ടുപോത്തുകളെ കണ്ടു. ഒരാഴ്ചമുമ്പ് കവിളുപാറയ്ക്കു സമീപം ബൈക്കിനുപിന്നാലെ കാട്ടുപോത്ത് ഓടിയ സംഭവവും ഉണ്ടായി.
കൃഷിസ്ഥലത്തിലേക്ക് നീങ്ങി വീടുകളുള്ള കുട്ടികൾ തോട്ടത്തിലെ ചെറുവഴികളിലൂടെ നടന്നുവേണം സ്കൂളിൽ പോകാനും വരാനും. തോട്ടങ്ങളിൽ കാട്ടുപോത്തുണ്ടാകാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കൾ ഒന്നോ രണ്ടോ പേർ കാത്തുനിന്ന് വേണം വിദ്യാർഥികളെ വീട്ടിലെത്തിക്കാൻ. കാട്ടുപോത്തിനു പുറമേ കാട്ടുപന്നിയും ആനയും പുലിയും മേഖലയിൽ വിവിധയിടങ്ങളിലായി കാണപ്പെട്ടിട്ടുണ്ട്.
ബസ് സ്റ്റോപ്പുകളിലും വഴിയരികിലും തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും വനമേഖലയോട് ചേർന്ന് സൗരവേലിയും ട്രഞ്ചിങ് ഗ്രൗണ്ടുമടക്കം സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.സൗരോർജ വേലി പരിഗണനയിലെന്ന് ജനവാസമേഖലയിലേക്ക് കാട്ടുമൃഗങ്ങളിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ സോളാർവേലി നിർമിക്കാനുള്ള പദ്ധതി സർക്കാരിന്റെ അംഗീകാരത്തിനായി നൽകിയതായി മംഗലംഡാം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ കെ.എ. മുഹമ്മദ് ഹാഷിം പറഞ്ഞു. മലയോര ജനവാസമേഖലകളിൽ കാട്ടുമൃഗങ്ങളിറങ്ങുന്നത് കൂടുന്നതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണം. കാട്ടുമൃഗങ്ങളെ കണ്ടാൽ ഉടൻ വനവകുപ്പധികൃതരെ വിവരമറിയിക്കണം. കടപ്പാറ, ഓടംതോട് മേഖലകളിൽ നിരീക്ഷണം ശക്തമാക്കുമെന്നും കെ.എ. മുഹമ്മദ് ഹാഷിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

