ആലത്തൂർ ടൗണിലെന്നും കുടിക്കാൻ കലക്കവെള്ളം
text_fieldsആലത്തൂർ ടൗൺ മാളികപറമ്പിലെ ഒരു വീട്ടിലെ വാട്ടർ ടാപ്പിൽ വരുന്ന കലങ്ങിയ വെള്ളം
ആലത്തൂർ: ടൗണിലെ രണ്ട് വാർഡുകളിൽ വർഷങ്ങളായി കുടിവെള്ളമായി വിതരണം ചെയ്യുന്നത് ചളി നിറഞ്ഞ കലക്കവെള്ളമാണ്. പലവിധ പരാതികളും പ്രതിഷേധങ്ങളും ഉയർന്നിട്ടും അവസ്ഥക്ക് മാറ്റമില്ല. ആലത്തൂർ ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകളിലാണ് പ്രതിസന്ധി. പഞ്ചായത്തിന്റെ മറ്റെല്ലാ ഭാഗത്തും വെള്ളപ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതിനെല്ലാം പരിഹാരമുണ്ടായി. എന്നാൽ 15, 16 വാർഡുകളടങ്ങുന്ന ടൗൺ പ്രദേശത്ത് ഉപയോഗിക്കാൻ പറ്റാത്ത ജലം വിതരണം ചെയ്ത് ജനങ്ങളെ മനഃപൂർവം കഷ്ടപ്പെടുത്തുകയാണെന്നാണ് പൊതുവേ ഉയർന്ന ആരോപണം.
ആലത്തൂരിൽ ജലവിതരണം നടത്തുന്നത് ആലത്തൂർ ഗ്രാമ പഞ്ചായത്താണ്. ഈ വാർഡുകൾ മുൻകാലങ്ങളിൽ പ്രതിപക്ഷത്തിന്റേതായിരുന്നു. കഴിഞ്ഞ തവണ വാർഡ് 15 ഭരണപക്ഷത്തായിട്ടും ജലവിതരണത്തിൽ മാറ്റം വന്നില്ല. വാർഡ് 16 കുറെ വർഷങ്ങളായി വെൽഫെയർ പാർട്ടിയുടെ കൈവശമാണ്. ആലത്തൂർ ടൗൺ ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് പുഴയിൽനിന്ന് നേരിട്ടാണെന്നാണ് പറയുന്നത്. നിലവിലെ സംവിധാനമനുസരിച്ച് ഗായത്രി പുഴ എടാംപറമ്പ് തടയണയിലെ പമ്പ് ഹൗസിൽനിന്ന് ആലത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിന് പിൻഭാഗത്തെ ജല അതോറിറ്റി ഓഫിസ് പരിസരത്തെ ഫിൽറ്ററേഷൻ പ്ലാന്റിലേക്ക് പമ്പ് ചെയ്ത് അവിടെ നിന്ന് ടാങ്കിലേക്ക് വീണ്ടും പമ്പ് ചെയ്ത് നിറച്ചാണ് വിതരണ ലൈനിലേക്ക് തുറന്നുവിടുന്നത്.
അങ്ങനെ ചെയ്യുമ്പോൾ അടുത്ത പ്രദേശങ്ങളിൽ വെള്ളം കൂടുതൽ കിട്ടും. ഉയരവും ദൂരവും കൂടിയ ടൗൺ ഭാഗത്ത് വെള്ളം ആവശ്യത്തിന് എത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് വർഷങ്ങൾക്ക് മുമ്പ് ടൗൺ ലൈനിലേക്ക് നേരിട്ട് പമ്പ് ചെയ്യാൻ തുടങ്ങിയത്. അതോടെ വെള്ളം കിട്ടുന്നുണ്ടെങ്കിലും കിട്ടുന്നത് ചളിവെള്ളമായി. അതിന് കാരണം ടൗണിലെ പൈപ്പ് ലൈൻ പഴയ കാലത്തെ ചെറിയ പൈപ്പ് ആയത് കൊണ്ട് പൈപ്പിൽ ചളി അടഞ്ഞത് കൊണ്ടാണെന്ന കണ്ടെത്തലിൽ ടൗൺ ഭാഗത്തെ പഴയ കാലത്തെ ചെറിയ പൈപ്പുകൾ മാറ്റി വ്യാസം കൂടിയ വലിയ പൈപ്പുകൾ സ്ഥാപിച്ചു. എന്നിട്ടും പരിഹാരമായില്ല.
പഞ്ചായത്തിന്റെ പകുതി ഭാഗങ്ങളിൽ തെളിഞ്ഞ വെള്ളവും മറ്റേ പകുതി ഭാഗത്ത് കലക്കവെള്ളവുമാണ് നിലവിൽ ലഭിക്കുന്നത്. മൂച്ചിക്കാട്, സ്വവാബ് നഗർ, ഇശഅത്ത് നഗർ, മാളിക പറമ്പ്, പള്ളിപറമ്പ്, കുന്നംപറമ്പ്, പനയ്ക്കക്കൽ പറമ്പ് പ്രദേശങ്ങളിലാണ് കലക്കവെള്ളം പൈപ്പ് വഴി വരുന്നത്. പൈപ്പ് ലൈനിനോട് ചേർന്ന് ഫിൽട്ടറേഷൻ സംവിധാനം സ്ഥാപിക്കുകയോ അല്ലെങ്കിൽ ആലത്തൂർ ടൗൺ ഭാഗത്തേക്ക് ജലവിതരണത്തിനായി മറ്റൊരു ടാങ്കും ഫിൽറ്ററേഷനും നിർമിക്കുകയോ ചെയ്ത് പരിഹാരം കാണണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

