കോട്ടായി കാളികാവിൽ മാലിന്യം തള്ളി
text_fieldsകോട്ടായി: ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിൽ കാളികാവ് സപ്ലൈകോ ഗോഡൗണിനു സമീപം പാതയോരത്തെ സ്വകാര്യ വ്യക്തിയുടെ വളപ്പിൽ ലോഡുകണക്കിന് മാലിന്യം തള്ളിയതിൽ പ്രതിഷേധവുമായി ജനം.
ശനിയാഴ്ച പുലർച്ച രണ്ടിന് ലോറിയുടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നു. അർധരാത്രിക്കു ശേഷമാണ് വലിയ ലോറികളിൽ ലോഡുകണക്കിന് മാലിന്യം എത്തിച്ച് പാതയോരത്തെ വളപ്പിൽ തള്ളിയതെന്ന് കരുതുന്നു. പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ മുതൽ ഗാർഹിക മാലിന്യങ്ങൾ വരെ തള്ളിയവയിലുണ്ട്.
രാത്രി ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി അർഹമായ ശിക്ഷ നൽകണമെന്നും ദുർഗന്ധം വമിക്കുന്ന മാലിന്യം ജനവാസ മേഖലയിൽനിന്ന് ഉടൻ നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ കോട്ടായി പൊലീസ്, ജില്ല കലക്ടർ, ആരോഗ്യ വകുപ്പ് എന്നിവർക്ക് നിവേദനം നൽകി. സംഭവമറിഞ്ഞ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷൈനിന്റെ നേതൃത്വത്തിൽ കോട്ടായി പൊലീസും സ്ഥലത്തെത്തി.