കെണിയൊരുക്കി കാത്തിരുന്നത് മൂന്ന് ദിവസം; പുലി വന്നില്ല
text_fieldsവൃന്ദാവൻ നഗറിൽ ഒരുക്കിയ പുലിക്കൂട്, അമ്മപ്പുലിയുടെ സി.സി.ടി.വി ദൃശ്യം
അകത്തേത്തറ: ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ വിഹരിക്കുന്ന പുലിയെ പിടികൂടാൻ ഉമ്മിനിക്കടുത്ത് വൃന്ദാവൻ നഗറിൽ വനം വകുപ്പ് കെണി സ്ഥാപിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും പുലി ഇതുവഴി എത്തിയില്ല.
പുലിക്കൂട് ഒരുക്കിയ ശേഷം വനം വകുപ്പിെൻറ സി.സി.സി.ടി.വിയിലും പുലിയെ കാണുന്നില്ല. കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചോര വാർന്നൊലിക്കുന്ന തെരുവുനായെ നാട്ടുകാർ കണ്ടിരുന്നു. സമീപത്തെ വീടുകളുടെ പരിസരത്ത് വിരിച്ച മെറ്റലുകളിലും പുലിയുടെ കാൽപാടുകൾ കണ്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കാൽപാടുകൾ പുലിയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുലിക്കൂട് സ്ഥാപിച്ചത്.
ഉമ്മിനിയിലെ ആൾത്താമസമില്ലാത്ത വീട്ടിൽ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതും തൊട്ടടുത്ത പ്രദേശത്താണ്. പുലിക്കുഞ്ഞുങ്ങളിലൊന്നിനെ വനം വകുപ്പ് സ്ഥാപിച്ച പുലിക്കൂട്ടിൽനിന്ന് അമ്മപ്പുലി കൊണ്ടുപോയിരുന്നു. മറ്റൊരു പുലിക്കുഞ്ഞ് തൃശൂർ വടക്കാഞ്ചേരി അകമല വനം വകുപ്പിെൻറ വന്യജീവി പരിപാലന കേന്ദ്രത്തിൽ വനം വകുപ്പിെൻറ സംരക്ഷണത്തിലാണ്. പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് പിച്ചവെച്ച് നടന്നു തുടങ്ങിയതായി വനപാലകർ പറയുന്നു. പുലിക്കുഞ്ഞിനെ അമ്മപ്പുലിയുടെ അടുക്കലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം, അമ്മപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടുന്ന കാര്യവും വനം വകുപ്പിെൻറ പരിഗണനയിലാണ്. വനം വകുപ്പ് മുഖ്യ വനപാലകനിൽനിന്ന് അനുമതി ലഭിച്ചാൽ മാത്രമേ ഇത്തരമൊരു രീതി സ്വീകരിക്കാനാവൂ. പുലിയെ പിടികൂടിയ ശേഷം ഉള്‍വനത്തില്‍ തുറന്ന് വിടാനാണ് ആലോചന. പുലിശല്യമുള്ള പ്രദേശങ്ങളിൽ ദ്രുതപ്രതികരണ സേനയുടെ രാത്രി നിരീക്ഷണം ഊർജിതപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

