മധുവിന്റെ കുടുംബത്തെ സന്ദർശിച്ചു
text_fieldsവെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ
മധുവിന്റെ അമ്മയെയും സഹോദരിയെയും സന്ദർശിച്ച്
പിന്തുണയറിയിക്കുന്നു
പാലക്കാട്: വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ അട്ടപ്പാടി മധുവിന്റെ കുടുംബത്തെ സന്ദർശിച്ചു നിയമപോരാട്ടങ്ങളിൽ പിന്തുണയറിയിച്ചു. വിചാരണ സമയത്ത് കോടതിയിൽ ഹാജരാകാതിരുന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.ടി. രഘുനാഥ് തന്നെ ഒഴിവാക്കി തരണമെന്ന് രണ്ടുമാസങ്ങൾക്കുമുമ്പ് സർക്കാറിനെ അറിയിച്ചിട്ടും പുതിയയാളെ നിയമിക്കാത്ത ആഭ്യന്തര വകുപ്പ് നടപടി കേസിനെ എത്ര ലാഘവത്തോടെയാണ് ഭരണകൂടം സമീപിക്കുന്നുവെന്നത് വ്യക്തമാക്കുന്നുണ്ട്.
കേസിലെ സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കുന്നുണ്ടെന്ന മധുവിന്റെ കുടുംബത്തിന്റെ പരാതി ഗൗരവത്തിൽ പരിശോധിക്കണം. കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കുടുംബം അറിയുന്നില്ല. അമ്മക്കും സഹോദരിമാർക്കും സുരക്ഷ ഉറപ്പുവരുത്തണം. കേസന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് ഉറപ്പുവരുത്തുകയും കുടുംബവുമായി ആലോചിച്ച് പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുകയും ചെയ്യണം. ആദിവാസി സമൂഹത്തോട് ഇടതുപക്ഷ സർക്കാറിനുള്ള നിലപാടാണ് മധു വധക്കേസിൽ പ്രകടമാകുന്നതെന്നും നേതാക്കൾ പറഞ്ഞു.
ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉമർ തങ്ങൾ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ.വി. അമീർ, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി കെ.എം. സാബിർ അഹ്സൻ എന്നിവരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.