എൻജി. വിഭാഗം ഓഫിസിൽ വിജിലൻസ് പരിശോധന: കണക്കിൽപെടാത്ത പണം പിടികൂടി
text_fieldsപാലക്കാട്: ജില്ല പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഓഫിസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥരിൽനിന്നു കണക്കിൽപെടാത്ത 12,900 രൂപ പിടികൂടി.വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് എഗ്രിമെന്റ് വെക്കുന്നതിനും ബില്ലുകൾ മാറ്റുന്നതിലും ഉദ്യോഗസ്ഥർ കരാറുകാരിൽനിന്ന് കൈക്കൂലി വാങ്ങുന്നെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു ബുധനാഴ്ച വൈകീട്ട് നാലരയോടെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. എൻജിനീയറിങ് വിഭാഗത്തിലെ വനിത ഉദ്യോഗസ്ഥരിൽനിന്ന് ഉൾപ്പെടെയാണ് പണം കണ്ടെത്തിയത്.
പരിശോധനക്കിടെ വിജിലൻസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വനിത ഉദ്യോഗസ്ഥ കൈയിലുണ്ടായിരുന്ന 4500 രൂപ ഫോട്ടോസ്റ്റാറ്റ് മെഷീന്റെ അടിയിലേക്കു വലിച്ചെറിഞ്ഞെന്നും ഈ പണം ഉൾപ്പെടെയാണ് കണ്ടെത്തിയതെന്നും വിജിലൻസ് അറിയിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളായതിനാൽ കരാറുകാരെ വിളിച്ചുവരുത്തി കൈക്കൂലി പണം പിരിക്കുന്നെന്നാണ് വിജിലൻസിനു ലഭിച്ച വിവരം. ഇതേതുടർന്ന് ഒരാഴ്ചയിലേറെയായി ഉദ്യോഗസ്ഥ സംഘം എൻജിനീയറിങ് ഓഫിസ് പരിസരത്തും മറ്റും നിരീക്ഷണമേർപ്പെടുത്തിയിരുന്നു.
ബുധനാഴ്ച വൈകീട്ട് കരാറുകാർ പണവുമായി എത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെ വിജിലൻസ് പരിശോധനക്കുകയറി. വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ഐ. ഫറോസ്, എസ്.ഐമാരായ ബി. സുരേന്ദ്രൻ, കെ. മണികണ്ഠൻ, മുഹമ്മദ് സലിം, സീനിയർ സി.പി.ഒ വി.സി. സലേഷ്, വനിത സി.പി.ഒ എം. സിന്ധു, ഗസറ്റഡ് ഉദ്യോഗസ്ഥനായ മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ അസി.എൻജിനീയർ ആർ.ഒ.എൻ. വിൽസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

