വാളയാറിലെ എച്ച്.ഐ.വി പരിശോധന കേന്ദ്രത്തിന് പൂട്ട് വീഴുന്നു; ജീവനക്കാരെ മാറ്റി
text_fieldsവാളയാറിലെ എച്ച്.ഐ.വി പരിശോധന കേന്ദ്രം
പാലക്കാട്: 25000 ലധികം എച്ച്.ഐ.വി ബാധിതരുള്ള കോയമ്പത്തൂരിന്റെ അതിർത്തി പങ്കിടുന്ന വാളയാറിലെ എച്ച്.ഐ.വി പരിശോധന കേന്ദ്രം മാറ്റാൻ നീക്കം. ഇതിന്റെ ആദ്യപടിയായി ലാബ് ടെക്നീഷ്യനെ പാലക്കാട് ഗവ. മെഡിക്കല കോളജിലേക്കും കൗൺസിലറെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഉത്തരവിറക്കി.
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ 2024 ലെ പുതുക്കിയ നിർദ്ദേശപ്രകാരം എച്ച്.ഐ.വി പരിശോധന കേന്ദ്രങ്ങൾ സർക്കാർ ആശുപത്രികൾക്ക് കീഴിൽ പ്രവർത്തിക്കണ വിശദീകരണത്തിലാണ് ഡെപ്യൂട്ടി ഡയറക്ടർ ജീവനക്കാരെ മാറ്റുന്നത്.
എന്നാൽ രണ്ടിൽ കൂടുതൽ ആളുകൾ ഒരു ദിവസം നേരിട്ട് പരിശോധനയ്ക്ക് എത്തുകയോ, വർഷത്തിൽ 12ലധികം എച്ച്.ഐ.വി പോസിറ്റീവ് ആയിട്ടുള്ള ആളുകളെ കണ്ടെത്തുകയോ, അഞ്ച് കിലോമീറ്റർ പരിസരത്ത് മറ്റൊരു എച്ച്.ഐ.വി പരിശോധന സ്ഥാപനം പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പ്രദേശത്തെ എച്ച്.ഐ.വി പിടിപെടാനുള്ള സാധ്യതകൾ പരിഗണിച്ച് സർക്കാർ ഇതര സ്ഥാപനങ്ങളുടെ കീഴിൽ പരിശോധന കേന്ദ്രം പ്രവർത്തിപ്പിക്കാം എന്ന് മാർഗരേഖയിൽ പറയുന്നുണ്ട്.
നിലവിൽ വാളയാറിൽ തുടരുന്ന കേന്ദ്രം ഒരിക്കൽ പൂട്ടിപ്പോയ ആലത്തൂരിലെ കേന്ദ്രം പുനരുജ്ജീവിപ്പിക്കാനാണെന്നും അറിയുന്നു.. മഞ്ചേരി ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ കെട്ടിട വാടക, വൈദ്യുതി ബിൽ എന്നിവ വഹിക്കുന്നത് ആ സംഘടന തന്നെയാണ്.
കഴിഞ്ഞ 15 വർഷങ്ങളിൽ പ്രതിവർഷം ശരാശരി 13 എച്ച്.ഐ.വി ബാധിതരെ വാളയാറിലെ കേന്ദ്രത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജില്ല ആശുപത്രി, വനിത-ശിശു ആശുപത്രി എന്നിവ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ എച്ച്ഐവി പരിശോധന നടക്കുന്ന കേന്ദ്രമാണ് വാളയാറിലേത്.
പാലക്കാട് ജില്ലയിൽ 2800 എച്ച്ഐവി ബാധിതർ ഉണ്ടെന്നാണ് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെകണക്ക്. ഇതിൽ 60 ശതമാനത്തിൽ അധികം ആളുകൾ ഉള്ളത് വാളയാർ, കൊഴിഞ്ഞാമ്പാറ ഉൾപ്പെടുന്ന അതിർത്തി പ്രദേശങ്ങളിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ലോറി തൊഴിലാളികൾ അതിർത്തി കടന്നെത്തുന്ന അതിഥി തൊഴിലാളികൾ, മേഖലയിലെ സ്ത്രീ ലൈഗിക തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർക്കും പൊതു ജനങ്ങൾക്കും പരിശോധന നടത്തുന്നുണ്ട്.
സ്ഥാപനത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായ കഞ്ചിക്കോട് ഉള്ളതിനാൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ഇവിടെ വളരെ കൂടുതലാണ്. ദിവസേന 23,000 ഓളം ചരക്ക് വാഹനങ്ങൾ വാളയാർ വഴി കടന്നു പോകുന്നതാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. അതിനാൽ ധാരാളം അന്യസംസ്ഥാന ഗതാഗത തൊഴിലാളികളും ഇവിടെയെത്തുന്നുണ്ട്. ഇവരുടെയെല്ലാം പരിശോധന സാധ്യമാക്കുന്ന ഏക സ്ഥാപനമാണിത്.
വ്യവസായിക ഇടനാഴി കൂടെ സ്ഥാപിതമാകുന്നതോടെ അന്യസംസ്ഥാന തൊഴിലാളികളുടെയും ലോറിക്കാരുടെയും എണ്ണം ഇവിടെ വർധിക്കും. നിലവിലെ സാഹചര്യത്തിൽ സ്ഥാപനം മാറ്റുന്നത് വൻതോതിൽ രോഗ വ്യാപനത്തിന് ഇട നൽകുമെന്നാണ് ആശങ്ക. കേന്ദ്രം മാറ്റരുതെന്ന് ആവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠൻ എം.പി, പ്രഭാകരൻ എം.എൽ.എ എന്നിവർ ഇടപെട്ടിട്ടും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

