Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightദേശീയപാതയിൽ നിയമലംഘനം...

ദേശീയപാതയിൽ നിയമലംഘനം തുടർക്കഥ; ബസുകൾ പെട്ടെന്ന് നിർത്തുന്നത് അപകടഭീഷണി

text_fields
bookmark_border
ദേശീയപാതയിൽ നിയമലംഘനം തുടർക്കഥ; ബസുകൾ പെട്ടെന്ന് നിർത്തുന്നത് അപകടഭീഷണി
cancel
camera_alt

പ്രതീകാത്മക ചിത്രം

വടക്കഞ്ചേരി: തൃശൂർ-പാലക്കാട് ദേശീയപാതയിലെ അഞ്ചുമൂർത്തി മംഗലത്തുണ്ടായ അപകടം വിരൽ ചൂണ്ടുന്നത് ഗുരുതര സുരക്ഷാ വീഴ്ചകളിലേക്കും ട്രാഫിക് നിയമലംഘനങ്ങളിലേക്കും. ഇരുവാഹനങ്ങളും നിയന്ത്രണം വിട്ട് ഡിവൈഡറുകൾ തകർത്ത് ഇരുവശങ്ങളിലെയും സർവീസ് റോഡുകളിലേക്ക് തെറിച്ചുപോവുകയായിരുന്നു. പ്രധാന വില്ലൻ ബസുകളുടെ നിയമവിരുദ്ധമായ നിർത്തലാണെന്ന് നാട്ടുകാർ പറയുന്നു. സർവീസ് റോഡ് വഴി പോകണമെന്നാണ് നിയമമെങ്കിലും, സമയം ലാഭിക്കാനും കൂടുതൽ യാത്രക്കാരെ കിട്ടാനുമായി ഭൂരിഭാഗം സ്വകാര്യ ബസുകളും മെയിൻ റോഡിലൂടെ തന്നെയാണ് പോകുന്നത്.

80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ വലിയ ചരക്ക് വാഹനങ്ങളടക്കം പുറകിൽ നിന്ന് വരുമ്പോൾ, ബസുകൾ പെട്ടെന്ന് നിർത്തുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു. അഞ്ചുമൂർത്തിമംഗലം ഭാഗത്ത് ബസുകൾക്ക് നിർത്താൻ പ്രത്യേക സ്ഥലമോ, സുരക്ഷിതമായ ബസ് ബേയോ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. വർഷങ്ങൾക്ക് മുമ്പ് ഇതേ പാതയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് - കെ.എസ്.ആർ.ടി.സി അപകടത്തിന് കാരണവും ഇത് തന്നെയായിരുന്നു. അന്ന് യാത്രക്കാരെ ഇറക്കാൻ നിർത്തിയ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു.

കാൽനടയാത്രക്ക് സൗകര്യമില്ല, തെരുവ് വിളക്കുകളും

ദേശീയപാതയിൽ കാൽനടയാത്രക്കാരുടെ ജീവനും അപകടത്തിലാണ്. മറുഭാഗത്തേക്ക് പോകാൻ മേൽപ്പാലമോ അടിപ്പാതയോ ഇല്ല. വിദ്യാർഥികളും പ്രായമായവരുമടക്കം ഭീതിയോടെയാണ് റോഡ് മുറിച്ചുകടക്കുന്നത്. ഇതിനുപുറമേ, രാത്രികാലങ്ങളിൽ ഈ ഭാഗങ്ങളിൽ വെളിച്ചമില്ലാത്തതും അപകടങ്ങൾ വർധിപ്പിക്കുന്നു.

പ്രക്ഷോഭത്തിനൊരുങ്ങി നാട്

ബസുകൾ സർവീസ് റോഡിലൂടെ മാത്രം വിടാൻ ട്രാഫിക് പൊലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മരണക്കളിക്ക് ശാശ്വത പരിഹാരം കാണാത്ത അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ. സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനാണ് മംഗലം നിവാസികളുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayDangerousTraffic Violation
News Summary - Violations continue on the National Highway Buses stopping suddenly is a danger
Next Story