റബർ വിപണിയിൽ തകർച്ച, പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങി; കർഷകർ പ്രതിസന്ധിയിൽ
text_fieldsവടക്കഞ്ചേരി: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കൂടുതൽ റബർ വിപണിയിലെത്തിയതോടെ വില കുത്തനെ ഇടിഞ്ഞത് മലയോര മേഖലയിലെ കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നു. നാലാം ഗ്രേഡ് റബറിന് 179 രൂപയായും തരംതിരിക്കാത്തതിന് 174 രൂപയായും വില താഴ്ന്നത് ഈ സീസണിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, മംഗലംഡാം മേഖലകളിaലെ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗത്തിനാണ് ഈ വിലയിടിവ് വലിയ പ്രഹരമേൽപ്പിച്ചത്. വരുംദിവസങ്ങളിലും വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യാപാര കേന്ദ്രങ്ങൾ നൽകുന്ന സൂചന.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി റബർ താങ്ങുവില 180 രൂപയിൽനിന്ന് 200 രൂപയായി സർക്കാർ ഉയർത്തിയെങ്കിലും അത് വെറും പ്രഖ്യാപനമായി തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. മാർക്കറ്റ് വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം കർഷകർക്ക് ഇൻസെന്റിവായി നൽകേണ്ട റബർ ബോർഡ്, ബില്ലുകൾ സ്വീകരിക്കാനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല.
ഇതിനായുള്ള ഔദ്യോഗിക പോർട്ടൽ പോലും തുറക്കാത്തത് കർഷകരെ കടുത്ത ആശങ്കയിലാക്കുന്നു. സർക്കാർ ആവശ്യമായ തുക കൈമാറാത്തതാണ് നടപടികൾ വൈകാൻ കാരണമെന്നാണ് ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സർക്കാർ ഈ വിഷയത്തിൽ മെല്ലെപ്പോക്ക് നടത്തുകയാണോ എന്നും കർഷകർ സംശയിക്കുന്നു.
ഉയർന്ന വില പ്രതീക്ഷിച്ച് സ്ലോട്ടർ ടാപ്പിങ്ങിന് തയാറെടുത്ത കർഷകർ പലരും ഇപ്പോൾ മരങ്ങൾ മുറിച്ചുവിൽക്കാൻ ഒരുങ്ങുകയാണ്. ഉൽപാദനച്ചെലവ് വർധിച്ചതോടെ പലയിടത്തും വരുമാനം കർഷകനും തൊഴിലാളിയും തുല്യമായി പങ്കിടുന്ന രീതിയിലാണ് ടാപ്പിങ് മുന്നോട്ടുപോകുന്നത്.
ഡിസംബർ അവസാനത്തോടെ ഇലകൊഴിച്ചിൽ ആരംഭിക്കുന്നതോടെ ഉൽപാദനം ഇനിയും കുറയും. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രഖ്യാപിച്ച താങ്ങുവില ലഭ്യമാക്കിയില്ലെങ്കിൽ ഇത്തവണത്തെ ടാപ്പിങ് സീസൺ നേരത്തേ അവസാനിപ്പിക്കേണ്ടി വരുമെന്ന നിരാശയിലാണ് മലയോരത്തെ ചെറുകിട കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

