വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ ഗതാഗതം നിരോധിച്ച് വീണ്ടും അറ്റകുറ്റപ്പണി
text_fieldsവടക്കഞ്ചേരി മേല്‍പ്പാലത്തില്‍ ഗതാഗതം നിയന്ത്രിച്ചതിനെ
തുടർന്ന് വാഹനങ്ങളെ തിരിച്ചുവിട്ടപ്പോൾ
വടക്കഞ്ചേരി: പാലം തുറന്ന് രണ്ടു വർഷത്തിനിടെ 30 തവണ അറ്റകുറ്റപ്പണി നടത്തിയ വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിലെ വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ ഗതാഗതം നിരോധിച്ച് വീണ്ടും അറ്റകുറ്റപ്പണി. പാലക്കാട് ലൈനിലാണ് രണ്ടാഴ്ച നീളുന്ന പ്രവൃത്തികൾ ആരംഭിച്ചത്.
ഇതേത്തുടർന്ന് ഹോട്ടല്‍ ഡയാനക്ക് മുന്നിലൂടെയുള്ള സർവിസ് റോഡിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. സർവിസ് റോഡിന് ഉള്‍ക്കൊള്ളാൻ കഴിയാത്തവിധം വാഹനങ്ങള്‍ നിറഞ്ഞ് കണ്ണമ്പ്ര റോഡ് ജങ്ഷനില്‍ വാഹനക്കുരുക്കും ഉണ്ടാകുന്നുണ്ട്.
കഴിഞ്ഞദിവസം വൈകീട്ട് ഇവിടെ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. വേനലവധിയായതിനാല്‍ ദേശീയപാതയില്‍ വാഹനങ്ങളുടെ പെരുപ്പവുമുണ്ട്. മേല്‍പ്പാലത്തില്‍ അര കിലോമീറ്റർ വരുന്ന ഭാഗത്താണ് പണികള്‍ നടക്കുന്നത്. ഭീമുകള്‍ യോജിപ്പിക്കുന്ന ഭാഗങ്ങളിലാണ് കുത്തിപ്പൊളിച്ചുള്ള പണികള്‍ നടത്തുന്നത്.

