അക്ഷരമുറ്റം കീഴടക്കാം, ‘വന്ദേഭാരതി’ൽ കയറി
text_fieldsമണലിത്തറ ജനകീയ വിദ്യാലയത്തിലെ ചുമരിൽ വന്ദേഭാരത് ട്രെയിനിന്റെ ചിത്രം വരക്കുന്ന ഷാജു കുറ്റിക്കാടൻ
വടക്കാഞ്ചേരി: അക്ഷരമുറ്റത്ത് ഒരുങ്ങി മികവിന്റെ ‘വന്ദേഭാരത്’ ട്രെയിൻ. തെക്കുംകര പഞ്ചായത്തിലെ മണലിത്ര ജനകീയ വിദ്യാലയം എൽ.പി സ്കൂൾ അധികൃതരാണ് പ്രവേശനോത്സവത്തിനെത്തുന്ന കുരുന്നുകൾക്കായി വിസ്മയക്കാഴ്ച ഒരുക്കിയത്. സ്കൂൾ കെട്ടിടത്തിലെ ചുവരിൽ 100 അടി നീളവും 10 അടി ഉയരത്തിലും ഒരുക്കിയ വന്ദേഭാരത് ട്രെയിനിന്റെ ചിത്രമാണ് പ്രധാന ആകർഷണം.
ചിത്രരചനയിൽ പ്രത്യേക പരിശീലനമോ ശാസ്ത്രീയ പഠനമോ നടത്താതെ വൈവിധ്യമാർന്ന ചിത്രങ്ങളിലൂടെ പുത്തൻ ഉയരങ്ങൾ കീഴടക്കുന്ന നിറങ്ങളുടെ കൂട്ടുകാരൻ എന്ന പേരിൽ പ്രസിദ്ധനായ തെക്കുംകര പുന്നംപറമ്പ് സ്വദേശി കുറ്റിക്കാടൻ വീട്ടിൽ ഷാജുവാണ് (50) മികവിന്റെ ഭീമൻ ചിത്രമൊരുക്കിയത്. വന്ദേഭാരത് ട്രെയിനിന്റെ കമ്പാർട്ട്മെന്റുകളുടെ വാതിൽ തുറന്ന് ക്ലാസ് മുറികളിൽ കയറുന്ന മാതൃകയിലാണ് ചിത്രമൊരുക്കിയിട്ടുള്ളത്.
പുതുതലമുറക്ക് തന്റെ മികവ് പകർന്ന് നൽകാൻ വിപുലമായ പദ്ധതി തയാറാക്കുകയാണ് ഷാജു. രണ്ട് സ്ഥലത്ത് പരിശീലന ക്ലാസുകളും നടത്തുന്നുണ്ട്. മണലിത്തറയിലെ വന്ദേഭാരത് ട്രെയിൻ കാണാൻ നിരവധി പേരാണ് സ്കൂളിലെത്തുന്നത്