ശബരിമല തീർഥാടനം അടുത്തിട്ടും മംഗലം-ഗോവിന്ദാപുരം അന്തർസംസ്ഥാന പാത തകർന്നുതന്നെ
text_fieldsതകർന്ന പാപ്പാൻചള്ള-ഇടുക്കുപാറ റോഡ്, ചുള്ളിയാർമേട് -ഐശ്വര്യനഗർ റോഡ്
വടക്കഞ്ചേരി: ശബരിമല തീർഥാടന സീസൺ ആസന്നമായിരിക്കെ, തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന അന്തർസംസ്ഥാന പാതയായ മംഗലം-ഗോവിന്ദാപുരം റോഡ് തകർന്ന് തരിപ്പണമായി തുടരുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
വടക്കഞ്ചേരിയിലെ മംഗലം പാലം മുതൽ ചിറ്റിലംചേരി വരെയുള്ള പാതയിൽ രണ്ട് കിലോമീറ്ററിലധികം ദൂരം റോഡ് ഉപരിതലം പൂർണമായും തകർന്നിരിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്.
രാത്രിയിലും മഴയുള്ളപ്പോഴും കുഴികളുടെ ആഴം അറിയാൻ കഴിയാതെ ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നത് വർധിച്ചിട്ടുണ്ട്. ഗുരുവായൂർ, ശബരിമല എന്നിവിടങ്ങളിലേക്കും തമിഴ്‌നാട്ടിലെ പ്രധാന തീർഥാടന കേന്ദ്രമായ പഴനിയിലേക്കുമുള്ള പ്രധാന മാർഗമാണിത്.
ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ പ്രധാനപാത കൂടിയായതിനാൽ ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും കടുത്ത ദുരിതത്തിലാണ്. റോഡ് നവീകരണത്തിനായി രണ്ടുവർഷം മുമ്പ് (2023) ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുള്ള കടുത്ത കാലതാമസം കാരണം നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
റോഡ് നവീകരിക്കുന്നതിനുള്ള കരാറുകാരൻ പ്രവൃത്തി വൈകിപ്പിക്കുകയാണെന്ന പതിവ് മറുപടി മാത്രമാണ് പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം നൽകുന്നത്. പ്രദേശവാസികളുടെ പരാതി ഉയർന്നാൽ ഒന്നോ രണ്ടോ ദിവസം കുഴിയടച്ചശേഷം ഒരാഴ്ചക്കകം കുഴികൾ വീണ്ടും തുറക്കുന്ന ‘വഴിപാട്’ അറ്റകുറ്റപ്പണികൾ മാത്രമാണ് നടക്കുന്നത്.
രണ്ടുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങൾ പോലും മഴയിൽ തകർന്നു. രണ്ട് നിയമസഭ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പാതയായിട്ടും ജനപ്രതിനിധികൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതിലാണ് പൊതുജനരോഷം ഉയരുന്നത്. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ജനകീയ വേദി രംഗത്തെത്തി. എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് ടെൻഡർ എടുത്ത വ്യക്തിയെക്കൊണ്ട് നിർമാണത്തിന് അനുമതി നൽകി പ്രവൃത്തി ആരംഭിക്കണമെന്ന് ജനകീയവേദി ആവശ്യപ്പെട്ടു.
എന്നാൽ, ടെൻഡർ എടുത്ത വ്യക്തി കോടതിയിൽ പോയതിനാൽ, മറ്റൊരാൾക്ക് പണി മാറ്റി നൽകാൻ കഴിയില്ലെന്നാണ് പൊതുമരാമത്ത് പാത വിഭാഗം നൽകുന്ന വിശദീകരണം. മുമ്പ് നാലുവരി ദേശീയപാതയായി പരിഗണിച്ചിരുന്ന ഈ പാതയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി കാണിക്കുന്ന അനാസ്ഥ പ്രദേശവാസികളെയും അന്തർസംസ്ഥാന യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്.
റോഡുകൾ തകർന്ന് ചളിക്കുളമായി; യാത്രികർ ദുരിതത്തിൽ
മുതലമട: റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായി യാത്രികർ ദുരിതത്തിൽ. പാപ്പാൻചള്ള-ഇടുക്കുപാറ റോഡ്, ചുള്ളിയാർമേട്-ഐശ്വര്യനഗർ റോഡ് എന്നിവയാണ് കാൽ നടക്കുപോലും സാധിക്കാത്ത അവസ്ഥയിൽ തകർന്നത്. കുടിവെള്ള പൈപ്പിനായി കുഴിയെടുത്തതാണ് ചുള്ളിയാർമേട്-ഐശ്വര്യനഗർ റോഡ് തകർന്നതെങ്കിൽ അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് പാപ്പാൻചള്ള-ഇടുക്കുപാറ റോഡ് തകരാൻ കാരണം. തകർന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

