വടക്കഞ്ചേരി-വാളയാർ ദേശീയപാതയിൽ വാഹനങ്ങളുടെ ഓട്ടം തോന്നുംപോലെ
text_fieldsവടക്കഞ്ചേരി -വാളയാർ ദേശീയപാതയിൽ കുഴൽമന്ദത്ത് സർവിസ് റോഡ് ഒഴിവാക്കി ദേശീയപാതയിൽ നിർത്തി യാത്രക്കാരെ കയറ്റുന്നു
പാലക്കാട്: വാഹനാപകടങ്ങൾ പെരുകുമ്പോഴും സുരക്ഷ നിയമങ്ങൾ കാറ്റിൽപറത്തി ദേശീയപാതയിൽ വാഹനങ്ങളുടെ നിയമലംഘനം പതിവാകുന്നു. അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഏതാനും ദിവസം കർശന നടപടി സ്വീകരിക്കുന്ന അധികൃതർ പിന്നീട് അയഞ്ഞ സമീപനം കൈക്കൊള്ളുന്നതിനാൽ വാഹനങ്ങൾ റോഡ് സുരക്ഷ നിയമം തെറ്റിക്കുന്നതിന് ഒട്ടും കുറവില്ല. വടക്കഞ്ചേരി-വാളയാർ നാലുവരി പാതയിൽ റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കാതെയാണ് സ്വകാര്യ -കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്നത്. അംഗീകൃത ബസ് സ്റ്റോപ്പുകളും, ബസ് ബേകളും ഒഴിവാക്കിയാണ് ഇതുവഴി ബസുകൾ സർവിസ് നടത്തുന്നത്. വടക്കഞ്ചേരി മുതൽ വാളയാർ വരെ മോട്ടോർവാഹന വകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയമലംഘനത്തിന് ഒട്ടും കുറവില്ല.
ഡ്രൈവറുടെ അശ്രദ്ധയും, അമിതവേഗവുമാണ് മിക്ക വാഹനാപകടങ്ങൾക്കും ഇടയാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദേശീയപാതയിൽ മണലൂരിൽ നിയന്ത്രണം തെറ്റിയ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ച് 30ഓളം യാത്രക്കാർക്ക് പരിക്കേറ്റത്. സെപ്റ്റംബറിൽ കണ്ണാടി കാഴ്ചപറമ്പിൽ സിഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിൽ സിഗ്നൽ തെറ്റിച്ചുവന്ന സ്വകാര്യ ബസിടിച്ചാണ് ശ്രീജ എന്ന യുവതി മരിച്ചത്. ഇതിനു മുമ്പ് വോൾവോ ബസിടിച്ച് പിക്അപ് വാൻ ഡ്രൈവർ മരിച്ചിരുന്നു. ഇതിനുശേഷം ഇവിടെ പൊലീസിനെ വിന്യസിച്ചെങ്കിലും പിൻവലിച്ചതോടെ ട്രാഫിക് നിയമങ്ങളും ലംഘിക്കാൻ തുടങ്ങി.
ദേശീയപാതയിൽ സ്വകാര്യ ബസുകൾ ട്രാഫിക് നിയമം തെറ്റിക്കുന്നത് പതിവാണ്. സിഗ്നൽ മറികടക്കാൻ സർവിസ് റോഡിൽ പ്രവേശിച്ച് വീണ്ടും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന രീതിയാണുള്ളത്. ദേശീയപാതയും സർവിസ് റോഡും സമാന്തരമായി പോകുന്ന പലയിടത്തും ബസുകൾക്ക് അനുവദിച്ച സ്റ്റോപ്പിൽ നിർത്താറില്ല. നിയമങ്ങൾ പാലിക്കാത്ത ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതാണ് നിയമലംഘനം ആവർത്തിക്കാൻ ഇടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

