നെൽകർഷകരുടെ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണം -ജില്ല വികസന സമിതി
text_fieldsപാലക്കാട്: നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നത്തില്‍ സർക്കാറിന്റെ അടിയന്തര ഇടപെടലുണ്ടാവണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. നെല്ല് സംഭരണവും പി.ആര്‍.എസ് തുക വിതരണവും പൂര്‍ത്തിയാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. നെല്ല് സംഭരണസമയത്ത് 55 കിലോയിൽ കൂടുതൽ വരുന്ന ചാക്കുകളിൽ അധികമായി വരുന്ന നെല്ലിന്റെ അളവ് ഉൾപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ടാറിന്റെ വില വര്‍ധിച്ച സാഹചര്യത്തില്‍ ടെന്‍ഡറിനെക്കാള്‍ കൂടുതല്‍ തുക കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള നടപടി വേണമെന്ന് സുമേഷ് അച്യുതന്‍ എം.എല്‍.എ നിര്‍ദേശിച്ചു. ചിറ്റൂർ മണ്ഡലത്തിലെ ഫ്ലഡ് റോഡുകളിൽ 16 എണ്ണത്തിന് ഭരണാനുമതി ലഭിച്ചതായി എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനീയർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
തൃത്താല മണ്ഡലത്തിലെ പടിഞ്ഞാറങ്ങാടി വായനശാലയുടെ കെട്ടിടനിർമാണം, പട്ടിക്കായല്‍ നവീകരണം എന്നിവയുടെ പ്രവര്‍ത്തങ്ങളുടെ ഓരോ ഘട്ടവും കൃത്യമായി പരിശോധിക്കണമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള പി.ആർ.എസ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സ്പെഷൽ ഡ്രൈവ് നടത്തണമെന്നും എം.എൽ.എ അറിയിച്ചു. മേൽപാല നിർമാണത്തോടനുബന്ധിച്ച് മലമ്പുഴ ഒലവക്കോട് റോഡ് അടച്ചിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു..
ഭാരതപ്പുഴയുടെ തീരത്ത് അന്യസംസ്ഥാന തൊഴിലാളികൾക്കായി ശുചിമുറി, മാലിന്യസംസ്കരണ സംവിധാനം എന്നിവ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പറഞ്ഞു. ശുചിമുറി മാലിന്യം ഭാരതപ്പുഴയിൽ ഒഴുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണം. പണി പൂർത്തിയാക്കിയ പട്ടാമ്പി ശ്മശാനം എത്രയും വേഗം തുറന്നുകൊടുക്കണം. പട്ടാമ്പി റവന്യൂ ടവറിന്റെ നിർമാണം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഹ്സിൻ ആവശ്യപ്പെട്ടു.
അമ്പലപ്പാറ, ലക്കിടി പേരൂര്‍, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ് പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പ്രായോഗിക ഇടപെടലാണ് ആവശ്യമെന്നും നടപടി വേഗത്തിലാക്കണമെന്നും കെ. പ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു. ആലത്തൂര്‍ ഇറിഗേഷന്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാൻ അടിയന്തര നടപടി വേണമെന്ന് ടി.എം. ശശി എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ കെ. സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ രമേശ് പിഷാരടി എം.എല്‍.എ, എ.ഡി.എം കെ. സുനില്‍കുമാര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ അന്‍ജീത് സിങ്, ജില്ല ആസൂത്രണ ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

