അശാസ്ത്രീയ റോഡുപണി; കോട്ടായി പെരുംകുളങ്ങരയിൽ അപകട പരമ്പര
text_fieldsകോട്ടായി പെരുംകുളങ്ങരയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചപ്പോൾ
കോട്ടായി: റോഡിൽ അലക്ഷ്യമായി മെറ്റൽ നിരത്തിയുള്ള അശാസ്ത്രീയ റോഡുപണി നിരവധി അപകടങ്ങൾക്ക് കാരണമായി. കോട്ടായി പെരുംകുളങ്ങര ഇറക്കത്തിലെ വളവിലാണ് അപകടപരമ്പര ഉണ്ടായത്. കോട്ടായി - പൂടൂർ - പാലക്കാട് പ്രധാന പാതയിൽ വാവുള്ളിയാലിനും പെരുംകുളങ്ങരക്കും ഇടയിൽ റോഡ് ടാറിങ് വീണ്ടു കീറി കുണ്ടും കുഴിയുമായത് അടക്കാനെന്ന പേരിൽ കഴിഞ്ഞ ദിവസം റോഡ് പൊളിച്ചിരുന്നു.
ഈ ഭാഗത്ത് മെറ്റൽ നിരത്തിയത് ഒതുക്കാതെ പണിക്കാർ സ്ഥലം വിട്ടു. എന്നാൽ അപകട സാധ്യത മുന്നറിയിപ്പ് നൽകുന്ന ഡിവൈഡറുകൾ സ്ഥാപിച്ചതുമില്ല. ശനിയാഴ്ച രാത്രി റോഡിൽ നിരത്തിയ മെറ്റലിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച രാവിലെ ആറു മണിക്ക് ഇതേ സ്ഥലത്ത് നിയന്ത്രണംവിട്ട കാർ പാതയോരത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.
കാറിന്റെ മുൻവശം തകർന്നെങ്കിലും ഭാഗ്യത്തിന് ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മങ്കര ഓരാം പള്ളം നൗഫലിന്റെ കാറാണ് അപകടത്തിൽപെട്ടത്. അശാസ്ത്രീയ റോഡുപണി നടത്തിയ കരാറുകാരനെതിരെയും പൊതുമരാമത്ത് വകുപ്പിനെതിരെയും കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

