കേന്ദ്ര ബജറ്റ്; പാലക്കാടിന്റെ പ്രതീക്ഷകൾ
text_fieldsമൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് ശനിയാഴ്ച അവതരിപ്പിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് പാലക്കാട് ജില്ല. വ്യാവസായിക, കാർഷിക മേഖലയിലും റെയിൽ അടക്കമുള്ള ഗതാഗത മേഖലക്കും ജില്ലക്ക് നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാലക്കാട്ടുകാർ.
കാർഷികമേഖലയുടെ വികസനകുതിപ്പിനായുള്ള നെൽകൃഷിയുടെ വികസനത്തിനും ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴിയുടെ നട്ടെല്ലായ കഞ്ചിക്കോടിന്റെ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കാനായി പുതി ട്രെയിനുകളടക്കമുള്ള വികസനങ്ങൾ, വ്യവസായ ഹബ്ബിനോട് ചേർന്ന പാതകളുടെയും മലയോര ഹൈവേയുടെയും ത്വരിതഗതിയിലുള്ള വികസനത്തിനാവശ്യമായ നടപടികൾ മനുഷ്യ-മൃഗ സംഘർഷത്തിലുള്ള മലയോരമേഖലക്കുള്ള സമഗ്ര പദ്ധതികൾ എന്നിവയെല്ലാം ജില്ലയുടെ പ്രതീക്ഷകളിലുണ്ട്.
കൃഷിക്കുവേണം
- പാലക്കാടിനായി സമഗ്ര കാർഷിക പാക്കേജ്
- നെല്ലുവില മുടങ്ങാതിരിക്കാൻ പ്രത്യേക നിധി
- സംഭരണത്തിലും കാർഷികാനുകൂല്യ വിതരണരംഗത്തും സമഗ്രമായ പാട്ടക്കൃഷി നയം
- ലളിതമായ വ്യവസ്ഥകളിൽ വിത്ത്, വളം, കാർഷികയന്ത്രങ്ങൾ എന്നിവ ഉറപ്പാക്കൽ
- കാർഷിക മേഖലയിൽ ജോലിക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രോത്സാഹന പദ്ധതി
- ജില്ലയിലെ 32,000 ക്ഷീരകർഷകർക്കായി പാലുൽപന്നങ്ങളുടെ നിർമാണ യൂനിറ്റ്. ജില്ലയിൽ പ്രതിദിനം മൂന്നരലക്ഷം ലിറ്റർ പാലാണ് ഉൽപാദിപ്പിക്കുന്നത്
വ്യവസായ വികസനത്തിന്
- കാർഷികാധിഷ്ഠിത വ്യവസായങ്ങളിലൂടെ തൊഴിലും വരുമാനവും ഉറപ്പാക്കാനാവശ്യമായ പദ്ധതികൾ കഞ്ചിക്കോട് വ്യവസായ സ്മാർട്ട് സിറ്റിക്ക് ഉറപ്പാക്കണം. സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകളിലെ വ്യവസായ ആശയങ്ങൾക്ക് പ്രത്യേക സാമ്പത്തികസഹായം നൽകണം.
- സിമന്റ്, ഉരുക്കുവ്യവസായങ്ങൾ എന്നിവയെ താങ്ങിനിർത്താൻ സാമ്പത്തിക പിന്തുണ വേണം, അതിർത്തിക്കപ്പുറത്തുനിന്നുള്ള വിപണി മത്സരങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്ന മലബാർ സിമന്റ്സ്, ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾക്ക് കേന്ദ്രസഹായവും അനിവാര്യമാണ്.
- വൻകിട വ്യവസായങ്ങളെ കൊച്ചി-ബംഗളൂരു ഇടനാഴിയിലേക്കെത്തിക്കാനുള്ള പ്രത്യേക പാക്കേജ്
- കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ കഞ്ചിക്കോട് ഐ.ടി.ഐ, ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് എന്നിവയെ താങ്ങിനിർത്താനുള്ള സഹായം. ഐ.ടി.ഐക്ക് നേരിട്ട് കരാറുകൾ നൽകാനുള്ള നടപടി
- കഞ്ചിക്കോട് ഐ.ഐ.ടിയെ വിദ്യാഭ്യാസ ഹബ്ബായി ഉയർത്തൽ
- പാലക്കാട് കേന്ദ്രീകരിച്ച് അന്തർസംസ്ഥാന ലോജിസ്റ്റിക് പാർക്ക്
- ദേശീയപാതകളിൽ ചരക്കുലോറികൾക്കായി മുഴുവൻ സമയ പാർക്കിങ്ങിന് സഹായകരമായ മൾട്ടി സ്റ്റോറേജ് സ്ലോട്ടുകൾ
- കഞ്ചിക്കോട് വ്യവസായ ഹബ്ബിനായി പ്രത്യേക സുരക്ഷ പരിശീലനകേന്ദ്രം
- രാസവസ്തു അപകടങ്ങളെ പ്രതിരോധിക്കാൻ അടിയന്തര പ്രതികരണ കേന്ദ്രം (എമർജൻസി റെസ്പോൺസ് സെന്റർ)
വേണം, അധിക ട്രെയിനുകൾ
- ട്രെയിൻ ഗതാഗത രംഗത്തെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് അധിക പാസഞ്ചർ വണ്ടികളും മെമു വണ്ടികളും ജില്ലക്ക് അനുവദിക്കാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രധാന ആവശ്യങ്ങൾ ഇവയാണ്-
- പാലക്കാടിന് പുതിയ വന്ദേ ഭാരത് ട്രെയിൻ
- നിലവിലുള്ള ഇരട്ടപ്പാതക്ക് സമാന്തരമായി പ്രഖ്യാപിച്ച മൂന്നാംപാത യാഥാർഥ്യമാക്കൽ-ഷൊർണൂർ-കോയമ്പത്തൂർ മൂന്നാംപാളം യാഥാർഥ്യമാക്കാനുള്ള ഫണ്ട് ലഭ്യമാക്കണം
- പാലക്കാട് പിറ്റ് ലൈൻ നിർമാണം പൂർത്തീകരിക്കൽ
- കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലത്ത് മെമു ഷെഡ് നിർമാണം
- പാലക്കാട് -പൊള്ളാച്ചി പാതയിൽ പഴനിയും തൂത്തുക്കുടിയുമായി ബന്ധിപ്പിക്കുന്ന കൂടുതൽ ട്രെയിനുകൾ
- പാലക്കാട്ടുനിന്നും കോഴിക്കോട്, ഏറണാകുളം, കോയമ്പത്തൂർ ടൗണുകളിലേക്ക് പകൽ ട്രെയിനുകൾ
- മംഗളൂരു, രാമേശ്വരം എന്നി വിടങ്ങളിൽനിന്ന് പാലക്കാട് ജങ്ഷനിലേക്ക് കൂടുതൽ ട്രെയിനുകൾ
- നിർമാണത്തിലിരിക്കുന്ന മേൽപാലങ്ങൾ, അടിപ്പാതകൾ, പ്ലാറ്റ് ഫോമുകൾ എന്നിവയുടെ പണി പൂർത്തിയാക്കാൻ അധികഫണ്ട്
- ഷൊർണൂർ ഐ.ഒ.എച്ച്. ഷെഡ് (ഓവർ ഹൗളിങ് ഷെഡ്) നിലനിർത്തൽ
വനാതിർത്തികളിലെ പ്രതിസന്ധി
- മനുഷ്യരും കാടിറങ്ങുന്ന വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതികൾക്ക് കേന്ദ്രസഹായം അനിവാര്യമാണ്.
- കാടുകളിൽ വിദേശയിനം ചെടികളുടെ വ്യാപനം തടയാനുള്ള സമഗ്രപദ്ധതിക്ക് സാമ്പത്തിക പിന്തുണ വേണം
- വനാതിർത്തി ഗ്രാമങ്ങളുടെ സുരക്ഷക്ക് സൗരോർജ തൂക്കു വേലിയും ആനകളുടെ കടന്നുവരവ് നിയന്ത്രിക്കുന്ന എ.ഐ സാങ്കേതിക വിദ്യയും വ്യാപകമാക്കണം
- കാട്ടുപന്നി ശല്യം ചെറുക്കാൻ കാര്യക്ഷമമായ നടപടികളും അധിക ഫണ്ടും ഉറപ്പാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

