അനാരോഗ്യം വിളമ്പുന്ന അടുക്കളകൾ
text_fieldsപാലക്കാട് നഗരത്തിൽ
ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ
പഴയ ഭക്ഷണ വസ്തുക്കൾ
പാലക്കാട്: ഭക്ഷ്യവിഷബാധ വിഷയം അത്രമേൽ ആശങ്കയോടെയാണ് നാട് ചർച്ച ചെയ്യുന്നത്. കാര്യമായ മുൻകരുതലെടുത്തില്ലെങ്കിൽ പാലക്കാട്ടുനിന്നും സമാന വാർത്തകൾ കേൾക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ജില്ലയുടെ രുചിയിൽ മായം കലർത്തിയാൽ നടപടിയെടുക്കേണ്ട ഭക്ഷ്യസുരക്ഷവകുപ്പ് സംവിധാനങ്ങൾ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് പരാതിയുയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്താണ് കാരണമെന്ന് പരാതി നൽകിയവർ മുതൽ പരാതി കേട്ട് മടുത്തവർ വരെ ചോദിക്കുന്നു. ചിലരാകട്ടെ ഇതൊക്കെ ഇത്രയേയുള്ളൂവെന്നും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്നും പറയുന്നു. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാർത്തകൾ വരുമ്പോൾ ശൂരത്വം കാണിക്കുന്ന സർക്കാർ സംവിധാനങ്ങൾ തിരക്കിട്ട് പരിശോധന നടത്തി കടകൾ പൂട്ടിക്കുമെങ്കിലും പേരിലെ അക്ഷരമോ സ്ഥലമോ മാറ്റി പുതിയ രുചിയുമായി അവ തുടരും.
വിലകൂടിയ ‘അനാരോഗ്യം’
കോവിഡിന് ശേഷം ഭക്ഷ്യവ്യവസായത്തിലേക്ക് കൂടുതൽ സംരംഭകർ വരുന്നതാണ് ജില്ല കണ്ടത്. കെട്ടിലും മട്ടിലും രുചിയിലും പുതുമയുമായി നിരവധി കടകൾ നിരന്നു. പലയിടങ്ങളിലും തോന്നുംപടിയാണ് വില. പേരിലും കാഴ്ചയിലും മാത്രം ‘ഗെറ്റപ്പ്’ കാണിക്കുന്ന പലരുടെയും അടുക്കള വിശേഷങ്ങൾ മൂക്കുപൊത്താതെ കാണാനോ കേൾക്കാനോ ആവില്ലെന്ന് പരിശോധന നടത്തിയ അധികൃതർ പറയുന്നു. ദിവസങ്ങൾ പഴക്കമുള്ള മാംസ, മത്സ്യവിഭവങ്ങൾ മുതൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച കറികളും ദോശമാവും വരെ അടുത്ത ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ കണ്ടെടുത്തിരുന്നു. ആരോഗ്യവകുപ്പ് നിർദേശിച്ച മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പലയിടത്തും പാചകം. ജില്ലയിൽ ജനുവരി നാലുമുതൽ ഇതുവരെ നടന്ന പരിശോധനയിൽ വടക്കഞ്ചേരിയിൽ രണ്ടും നെന്മാറയിലും ഒറ്റപ്പാലത്തും ഓരോന്നുമായി ആറോളം സ്ഥാപനങ്ങളാണ് പൂട്ടിയത്.
ശുചിത്വം പേരിനുമാത്രം
തട്ടുകടകളിൽ മുതൽ വലിയ ഭക്ഷ്യശാലകളിൽ വരെ ഭക്ഷണത്തിന്റെ നിലവാരം സംബന്ധിച്ച പരാതി വ്യാപകമാണ്. ഫാസ്റ്റ് ഫുഡ്, തട്ടുകടകളിൽ പലതിലും ശുചിത്വം പേരിനു മാത്രമാണെന്നാണ് ആക്ഷേപം. പല സ്ഥലങ്ങളിലും അധികൃതർ പരിശോധനക്കെത്താറില്ല. റോഡിലെ പൊടിയും മണ്ണുമെല്ലാം നിറഞ്ഞ അന്തരീക്ഷത്തിലാണ് മിക്ക കടകളുടെയും പ്രവര്ത്തനം. മഴവെള്ളച്ചാലുകൾക്ക് മുകളിൽ പ്രവർത്തിക്കുന്നവർ മാലിന്യം നേരെ അതിലേക്ക് ഒഴുക്കുകയാണ് പതിവ്. സമീപപ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നവരും കുറവല്ല. ഇവിടേക്ക് ആവശ്യമായ വെള്ളം എവിടെ നിന്ന് എത്തിക്കുന്നതാണെന്നതും ചോദ്യച്ചിഹ്നമാണ്. ഉത്സവ കാലമായതോടെ ഇത്തരം കച്ചവടസ്ഥാപനങ്ങൾ കൂണുപോലെ മുളച്ച്പൊന്തുന്നുമുണ്ട്. കഴിഞ്ഞ വര്ഷം ചാലിശ്ശേരിയിൽ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്ന്ന് നാട്ടുകാര് തട്ടുകട തീവെച്ച് നശിപ്പിച്ചിരുന്നു.
കളറില്ലാത്തത് ‘കളറല്ല’
മായം കാരണം കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്താകെ നിരോധിച്ച 74 വെളിച്ചെണ്ണ ബ്രാൻഡുകളിൽ 24 എണ്ണം പാലക്കാട്ടുനിന്നായിരുന്നു. മത്സ്യവും മാംസവുമടക്കം മതിയായ നിലവാരമില്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽപന കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും വിതരണത്തിനെത്തുന്നതായി വ്യാപക പരാതിയുണ്ട്. ശരീരത്തിന് ദോഷകരമായ കൃത്രിമ പദാർഥങ്ങൾ നിറത്തിനായി ചേർക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നം വിളിച്ചുവരുത്തുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമീഷണർ വി.കെ. പ്രദീപ് പറഞ്ഞു.
നിറങ്ങൾ ചേർക്കാത്ത ഭക്ഷ്യവസ്തുക്കളോട് ജനങ്ങൾക്ക് ആഭിമുഖ്യം കുറവാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ബിരിയാണിക്കും മാംസവിഭവങ്ങൾക്കും കളറില്ലെങ്കിൽ കച്ചവടം കുറയും. വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾക്കും നിറം വേണം. മായം കഴിച്ച് ശീലിച്ച മലയാളിക്ക് പിന്നെങ്ങനെ ഭക്ഷണം വിളമ്പാനാണെന്നും ഇവർ ചോദിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലാവർക്കും ചീത്തപ്പേരുണ്ടാക്കുകയാണ്. ജില്ലയിൽ ആത്മാർഥതയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പോലും ഇത് വിഷമമുണ്ടാക്കുന്നതാണെന്നും ഇവർ പറയുന്നു.
ആളില്ലാക്കസേരകൾ
ഒരു ക്ലർക്കും ഓഫിസറുമടക്കം മൂന്ന് ഉദ്യോഗസ്ഥരാണ് ഒരു സർക്കിൾ ഓഫിസിലുള്ളത്. എന്നാൽ നിലവിൽ പലയിടങ്ങളിലും അടുത്ത സർക്കിളിലുള്ള ഉദ്യോഗസ്ഥന് അധിക ചുമതല നൽകിയിരിക്കുകയാണ്. നിയോജക മണ്ഡലാടിസ്ഥാനത്തിൽ 12 ഫുഡ് സേഫ്റ്റി ഓഫിസർമാർ വേണ്ടിടത്ത് ആകെയുള്ളത് 10 പേരാണ്. തരൂരും കോങ്ങാടും ഓഫിസർമാരില്ല. തൃത്താലയിലാവട്ടെ ഓഫിസർ അവധിയിലാണ്. മായം കലർന്നതായി സംശയിക്കുന്ന സാമ്പിളുകൾ പരിശോധിക്കാൻ മൊബൈൽ ലാബ് പരിശോധന മാത്രമാണുള്ളത്. നിയമനടപടികൾക്കായി സാമ്പിളുകൾ എറണാകുളത്തേക്ക് അയച്ച് 14 ദിവസത്തിനുള്ളിൽ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ നടപടി സാധ്യമാവൂ.
പാലക്കാട് നഗരസഭ പരിധിയിൽ തിങ്കളാഴ്ച വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. സുൽത്താൻ ഓഫ് ഫ്ലേവഴ്സ്, ഹോട്ടൽ ഗ്രാൻഡ്, എ.ടി.എസ് ഗ്രാൻഡ് കേര, ചോയ്സ് കാറ്ററിങ് എന്നീ ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചതായും പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. മനോജ് കുമാർ, എ. ശ്രീമതി, ജി. ശ്രീജ, മുഹമ്മദ് ബൂസരി, കുഞ്ഞുമോൻ ജോസ്, ജിഷ ശശിധരൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

