മതേതരത്വം പുലരാൻ ഉപാധിരഹിത പിന്തുണ -കെ.സി. നാസർ
text_fieldsകെ.സി. നാസർ
‘പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കഴിവുറ്റവരും ജനകീയരുമായ പാർട്ടി പ്രവർത്തകരെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനം. 50 ശതമാനം വനിതകളെയടക്കം എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും പരിഗണന കൊടുത്താണ് വെൽഫെയർ പാർട്ടി സ്ഥാനാർഥി പട്ടിക തയാറാക്കിയത്.
ജില്ലയിലെ 36 ഗ്രാമ-നഗരസഭ വാർഡുകളിലും എട്ട് േബ്ലാക്ക് പഞ്ചായത്ത് വാർഡുകളിലും ഒമ്പത് ജില്ല പഞ്ചായത്ത് വാർഡുകളിലും പാർട്ടി മത്സരിക്കുന്നുണ്ട്’-തദ്ദേശ തെരഞ്ഞെടുപ്പിൽ നിലപാടുകൾ വ്യക്തമാക്കുകയാണ് ജില്ല പ്രസിഡന്റ് കെ.സി. നാസർ.
‘പാലക്കാട് നഗരസഭയിൽ മതേതര കക്ഷികൾക്ക് പിന്തുണ’
പാലക്കാട് നഗരസഭയിൽ ബി.ജെ.പിയുടെ ഭരണ തുടർച്ച ഇല്ലാതാക്കുക എന്നത് മുഖ്യ ലക്ഷ്യമാണ്. അതുകൊണ്ട് ബി.ജെ.പിക്ക് ജയസാധ്യതയുള്ള വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താതെ വിജയ സാധ്യതയുള്ള മതേതര കക്ഷികൾക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ ഉപാധിരഹിത പിന്തുണ നൽകാനാണ് പാർട്ടി തീരുമാനം. മതേതര കക്ഷികൾ ഒന്നിച്ചുനിന്നാൽ തീർച്ചയായും ബി.ജെ.പിയെ പാലക്കാട് മുനിസിപ്പാലിറ്റി ഭരണത്തിൽനിന്ന് മാറ്റി നിർത്താൻ കഴിയും.
‘വികസനത്തിൽ എന്നും മുന്നിൽ’
വെൽഫെയർ പാർട്ടിയുടെ ജനപ്രതിനിധികളുള്ള വാർഡുകളിൽ വലിയ തരത്തിലുള്ള വികസനമാണ് കഴിഞ്ഞ അഞ്ച് വർഷം നടന്നിട്ടുള്ളത്. പാലക്കാട് നഗരസഭ 32ാം വാർഡിൽ ആറ് കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. പുതുക്കോട് പഞ്ചായത്തിലെ 10ാം വാർഡിൽ 3.4 കോടിയുടെ വികസനം നടത്തിയപ്പോൾ സർക്കാർ വിഹിതമായ 1.4 കോടി കഴിച്ചുള്ള തുക ചാരിറ്റി മാതൃകയിൽ സ്വരൂപിച്ച തുകയായിരുന്നു. പട്ടാമ്പി നഗരസഭയിൽ 10ാം വാർഡിൽ 100 ശതമാനമാണ് വികസനം.
‘നേരിട്ടും യു.ഡി.എഫുമായി ധാരണയിലും മത്സരം’
ജില്ലയിൽ 36 ഗ്രാമ-നഗരസഭ വാർഡുകളിൽ നേരിട്ടും യു.ഡി.എഫുമായി ധാരണയിലും പാർട്ടി മത്സര രംഗത്തുണ്ട്. വല്ലപ്പുഴ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് മൊയ്തീൻകുട്ടി യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നു. ചെർപ്പുളശേരി നഗരസഭയിൽ നിലവിലെ അംഗമായിരുന്ന ഗഫൂറിന്റെ ഭാര്യ സമീറയാണ് 15ാം വാർഡിൽ യു.ഡി.എഫ് സ്വതന്ത്രയായി പാർട്ടിക്കായി മത്സരിക്കുന്നത്.
മുതുതലയിലും പട്ടാമ്പിയിലും യു.ഡി.എഫ് പിന്തുണ പാർട്ടിക്കുണ്ട്. പിന്തുണയുള്ള എല്ലായിടത്തും സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരം. എന്നാൽ പാലക്കാട് നഗരസഭയിൽ യു.ഡി.എഫുമായി ധാരണയാവാനായിട്ടില്ല. ഇവിടെ പാർട്ടി മത്സരിക്കുന്ന വാർഡുകളിലെല്ലാം യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വിമതരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

