ചുള്ളിയാർ ഡാമിനകത്ത് അതിക്രമിച്ച് കയറിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsകൊല്ലങ്കോട്: ഡാമിലെ ഗാലറിയിൽ പൂട്ട് പൊട്ടിച്ച് അനധികൃതമായി കടന്ന രണ്ടാളെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പോത്തമ്പാടം, പത്തിച്ചിറ എ. ഷിനു (23), കൊല്ലങ്കോട് കോട്ടപ്പാടം പി. രവി (49) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
ബുധനാഴ്ച പകൽ പ്രതികൾ അനധികൃതമായി ഡാമിന്റെ സംരക്ഷണ മേഖലയായ ഗാലറിയിൽ കടന്നതായി കാണിച്ച് ചുള്ളിയാർ ഡാം എ.എ സിതാര നൽകിയ പരാതിയെ തുടർന്നാണ് കേസ്.
ഡാമിനകത്ത് കയറി സോളാർ തെരുവ് വിളക്കുകൾ, ബാറ്ററി, ചെമ്പ് കമ്പി, അലുമിനിയം കമ്പികൾ എന്നിവ കഴിഞ്ഞ മാസങ്ങളിൽ മോഷണം പോയിരുന്നു. തുടർന്ന് പൊലീസിൽ ഇറിഗേഷൻ അധികൃതർ പരാതി നൽകി. നിരന്തരമായ പട്രോളിങ്ങിലാണ് പ്രതികൾ പിടിയിലായത്.

