ഡമ്മിയായി പത്രിക നൽകി പിന്നീട് സ്ഥാനാർഥിയായി
text_fieldsപുതുപ്പരിയാരം: രാഷ്ട്രീയ പ്രവർത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് കാലം സജീവ സാന്നിധ്യമായ ടി.എസ്. ദാസിന് ആദ്യകാല തെരഞ്ഞെടുപ്പിനെപ്പറ്റി ഓർമകൾ അയവിറക്കുമ്പോൾ നൂറുനാവാണ്. 1987ൽ രാഷ്ട്രീയാടിസ്ഥാനത്തിൽ നടന്ന ആദ്യതെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ പ്രതിനിധി വി.എ. ഹംസയുടെ ഡമ്മിയായി പത്രിക നൽകിയെങ്കിലും യഥാർഥ സ്ഥാനാർഥി മത്സര രംഗത്ത് നിന്ന് പിന്മാറിയതോടെയാണ് ടി.എസ്. ദാസ് ആദ്യമായി സ്ഥാനാർഥിയാവുന്നത്.
പ്രതീക്ഷിക്കാത്ത നിയോഗം കന്നിയങ്കത്തിന് വഴിമാറി. കാലം മാറുന്നതിനനുസരിച്ച് പ്രചാരണത്തിന്റെ ട്രെൻഡ് മാറി. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രചാരണ ചെലവും കൂടി. 38 വർഷം മുമ്പ് ഒരു വാർഡിൽ സ്ഥാനാർഥി ചുരുങ്ങിയത് 5000 രൂപയാണ് ചെലവഴിച്ചതെങ്കിൽ നിലവിൽ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്.
പ്രചാരണം കൊഴുപ്പിക്കാൻ പണ്ട് കാലങ്ങളിൽ റാലിയും പ്രകടനങ്ങളും അവിഭാജ്യഘടകമാണ്. ഇക്കാലത്ത് ഹൈടെക് പ്രചാരണ മുറകൾ പിടിമുറുക്കുകയാണ്. ചാക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ പ്രചാരണ ബോർഡുകളിലും മതിലുകളിലും ചുണ്ണാമ്പ് കൊണ്ട് വെള്ളപൂശി അതിന് മുകളിൽ നീലം ഉപയോഗിച്ചാണ് എഴുതിയിരുന്നത്. പ്രചാരണ മുറകളും ഇക്കാലത്ത് കളർഫുളാണ്. വീടുകൾ തോറും കയറിയിറങ്ങി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് തേടുന്ന രീതിക്ക് മാത്രമാണ് മാറ്റമില്ലാത്തത്.
റാന്തൽ പിടിച്ചുള്ള രാത്രിയാത്ര വൈദ്യുത ടോർച്ചുകൾക്കും വിളക്കുകൾക്കും വഴിമാറി. ആശയവിനിമയത്തിന് കവല യോഗങ്ങൾക്ക് സ്ഥാനം വലുതാണ്. പ്രമുഖ നേതാക്കളെല്ലാം വോട്ട് തേടി പ്രചാരണത്തിനിറങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങൾ ഒന്നാന്തരം പ്രചാരണോപാധികളായി മാറിയിട്ടുണ്ട്. ടി.എസ്. ദാസ് പുതുപ്പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ പുതുപ്പരിയാരം സി.പി.ഐ ലോക്കൽ സെക്രട്ടറി കൂടിയാണ്. ടി.വി. പുഷ്പാവതിയാണ് ഭാര്യ. ശുഭ ദാസ്, ബാബുദാസ് (ഇരുവരും വിദ്യാഭ്യാസ വകുപ്പ്) എന്നിവർ മക്കളാണ്. മരുമക്കൾ: വി.സി. മോഹനദാസൻ (അധ്യാപകൻ) സി.ജി. ചിത്ര (സഹകരണ വകുപ്പ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

