തൃത്താല ഇരട്ടക്കൊല; തെളിവെടുത്തു, കത്തി കണ്ടെത്തി
text_fieldsതൃത്താല: തൃത്താലയില്‍ പുഴയോരത്ത് രണ്ട് യുവാക്കളെ കഴുത്തറത്ത് കൊലചെയ്തത് താനാണെന്ന് സമ്മതിച്ച് പ്രതി മുസ്തഫ. സുഹൃത്തുക്കളും ഓങ്ങല്ലൂര്‍ സ്വദേശികളുമായ അൻസാറിനെയും കബീറിനെയും ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊലപ്പെടുത്തിയത്. ലഹരി ഉപയോഗത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയിലായ മുസ്തഫയുടെ അറസ്റ്റ് തൃത്താല പൊലീസ് രേഖപ്പെടുത്തി.
പ്രതി മുസ്തഫയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തി.
വ്യാഴാഴ്ചയാണ് കൊണ്ടൂർക്കര സ്വദേശി അൻസാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ അൻസാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. സുഹൃത്തും കൊടലൂർ സ്വദേശിയുമായ മുസ്തഫയാണ് തന്നെ ആക്രമിച്ചതെന്ന് മൊഴി നൽകിയ ഉടൻ അൻസാർ മരിച്ചു. അൻസാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരിയിൽനിന്ന് അന്ന് രാത്രി തന്നെ മുസ്തഫയെ തൃത്താല പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇവർക്കൊപ്പം ഉണ്ടായിരുന്ന കാരക്കാട് സ്വദേശി കബീറിനെയും കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ രീതിയിൽ ഭാരതപ്പുഴയിൽനിന്ന് കഴിഞ്ഞദിവസം കണ്ടെത്തിയത്.ഷൊർണൂർ ഡിവൈ.എസ്.പി പി.സി. ഹരിദാസിന്റെ നേതൃത്വത്തിൽ തൃത്താല പൊലീസാണ് കേസന്വേഷിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ തൃത്താല കരിമ്പനക്കടവ് ഭാഗത്തേക്ക് എത്തിയ മൂവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നത് പൊലീസിനെ കുഴക്കിയിരുന്നു. ചോദ്യം ചെയ്യലിൽ ആദ്യമൊന്നും മുസ്തഫ കുറ്റം സമ്മതിച്ചിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

