ട്രെയിനുകൾ വൈകിയോടുന്നു; യാത്രക്കാർ ദുരിതത്തിൽ
text_fieldsപാലക്കാട്: മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ കൂട്ടത്തോടെ വൈകിയോടുന്നതും വഴിതിരിച്ചുവിടുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ലൈനുകളിൽ പണി നടക്കുന്നതാണ് കാരണമായി റെയിൽവേ അധികൃതർ പറയുന്നത്. അര മണിക്കൂർ മുതൽ ഒമ്പത് മണിക്കൂർ വരെയാണ് പല ട്രെയിനുകളും വൈകുന്നത്.
ഹ്രസ്വദൂര യാത്രക്കാരാണ് ഇതുമൂലം ഏറെ വലയുന്നത്. റെയിൽവേയുടെ അംഗീകൃത ആപ്പുകളിൽ പോലും സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുന്ന സമയം വൈകുന്നത് മാത്രമാണ് അറിയിക്കുന്നത്. വൈകി ഓടുന്നത് ഓരോ 15 മിനിറ്റിൽ മാത്രം അപ്ഡേറ്റ് ചെയ്യുന്നതിനാൽ യാത്രക്കാർക്ക് മുൻകൂട്ടി അറിയാനും കഴിയുന്നില്ല.
രാത്രി ഒമ്പതിന് ഒലവക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അമൃത എക്സ്പ്രസ് മിക്ക ദിവസങ്ങളിലും വൈകിയാണ് ഒറ്റപ്പാലത്തും തൃശൂരിലും എത്തുന്നത്. മധുരയിൽനിന്ന് വൈകീട്ട് 4.10ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ് രാത്രി 8.30നാണ് നേരത്തെ പാലക്കാട് എത്തിയിരുന്നത്. ലൈൻ വൈദ്യുതീകരിച്ചതിനെ തുടർന്ന് ട്രെയിനിന്റെ വേഗത വർധിപ്പിച്ചതിനാൽ രാത്രി എട്ടിന് പാലക്കാട് എത്തുന്ന രീതിയിൽ പിന്നീട് സമയം ക്രമപ്പെടുത്തി. എന്നാൽ, മിക്ക ദിവസങ്ങളിലും 15 മുതൽ 30 മിനിറ്റ് വരെ വൈകിയാണ് പാലക്കാട്ട് എത്തുന്നത്. നേരത്തെ ഈ ട്രെയിൻ രാത്രി 9.30നാണ് ഒലവക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിരുന്നത്.
പിന്നീട് ഒമ്പതിനാക്കി പുനഃക്രമീകരിച്ചു. ഇപ്പോൾ പല ദിവസങ്ങളിലും 9.30നുശേഷമാണ് പുറപ്പെടുന്നത്. വൈകുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും റെയിൽവേ നൽകുന്നില്ല.
രാത്രി 8.45നുശേഷം പാലക്കാട്ടുനിന്ന് ഒറ്റപ്പാലം, ഷൊർണൂർ ഭാഗത്തേക്ക് സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ നഗരത്തിലും കോയമ്പത്തൂരിലും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നിരവധി സീസൺ ടിക്കറ്റ് യാത്രക്കാരാണ് അമൃത എക്സ്പ്രസിനെ ആശ്രയിച്ചിരുന്നത്.
എന്നാൽ സമയ കൃത്യത പാലിക്കാത്തതിനാൽ പലരും ട്രെയിൻ യാത്ര ഒഴിവാക്കി. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് രണ്ട് മാസത്തോളമായി മിക്ക ദിവസങ്ങളിലും ഒന്ന് മുതൽ ഒമ്പത് മണിക്കൂർ വരെയാണ് വൈകി ഓടുന്നത്.
ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്താൻ മറ്റ് ഗതാഗത മാർഗങ്ങൾ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

