വിക്ടോറിയ കോളജ് പരിസരത്തെ ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതം
text_fieldsപാലക്കാട് വിക്ടോറിയ കോളജ് ജങ്ഷനിലെ പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്നൽ
പാലക്കാട്: നഗരത്തിലെ പ്രധാന ജങ്ഷനുകളിലൊന്നായ വിക്ടോറിയ കോളജ് പരിസരത്തെ ട്രാഫിക് സിഗ്നലുകൾ പ്രവർത്തന രഹിതം. കേടുവന്ന സിഗ്നൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നേരെയാക്കാത്തത് വാഹനാപകടത്തിനും, ഗതാഗത കുരുക്കിനും കാരണമാകുന്നു.
ചുണ്ണാമ്പുത്തറ, പുതിയപാലം, മലമ്പുഴ എന്നിവടങ്ങളിൽ നിന്നു വരുന്ന റോഡുകൾ വിക്ടോറിയ കോളജ് ജങ്ഷനിലാണ് ഒന്നിച്ചുചേരുന്നത്. ഇതിനാൽ നിരവധി വാഹനങ്ങളാണ് ഇതിലെ നഗരത്തിലേക്കും തിരികെയും പോകുന്നത്.
സ്കൂൾ, കോളജ് എന്നിവക്ക് സമീപത്തുള്ള ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാത്തത് യാത്രക്കാരെയും വിദ്യാർഥികളെയും ഏറെ വലക്കുന്നുണ്ട്. കരാർ ഏറ്റെടുത്ത ടെക്നിഷ്യൻ സ്ഥലത്തില്ലാത്തതാണ് കേടുവന്ന സിഗ്നൽ നേരെയാക്കാനുള്ള കാലതാമസം.

