പാലക്കാട് നഗരത്തിലെ ഗതാഗത പരിഷ്കാരം; വലഞ്ഞ് യാത്രക്കാർ
text_fieldsപാലക്കാട്: നഗരത്തിലെ അശാസ്ത്രീയ ഗതാഗതപരിഷ്കാരങ്ങൾ ഗതാഗത കുരുക്കിനും വാഹനാപകടങ്ങൾക്കും കാരണമാകുന്നു. കാലങ്ങളായി സുഗമമായ ഗതാഗതമുണ്ടായിരുന്ന കവലകളെ അടച്ചുകെട്ടിയാണ് പരിഷ്കാരം നടപ്പാക്കുന്നത്. ഹെഡ്പോസ്റ്റ് ഓഫിസ് റോഡ്, സ്റ്റേഡിയം സ്റ്റാൻഡ്, കോട്ടമൈതാനം, എസ്.ബി.ഐ ജങ്ഷൻ എന്നിവിടങ്ങളിലെ അശാസ്ത്രീയ പരിഷ്കാരത്തിൽ വാഹനയാത്രക്കാർ നട്ടം തിരിയുകയാണ്.
2013ലെ സംസ്ഥാന സ്കൂൾ കലോത്സവ സമയത്ത് ഫ്രീ ട്രാഫിക് സോണായി പ്രഖ്യാപിച്ച സുൽത്താൻപേട്ട് ജങ്ഷൻ അപകടമേഖലയാണ്. ഹെഡ് പോസ്റ്റ് ഓഫിസ് റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് കോർട്ട് റോഡിലേക്കു പ്രവേശനമില്ലാത്തതിനാൽ സ്റ്റേഡിയം റോഡിലേക്കുകയറി ബൈപാസ് ചുറ്റി വേണം കോർട്ട് റോഡിലെത്താൻ. ഇതുമൂലം ചെറിയ വാഹനങ്ങൾ സ്റ്റേഡിയം റോഡിലേക്കു തിരിഞ്ഞ് യു ടേൺ എടുക്കുന്നതിനാൽ ഗതാഗതക്കുരുക്കും അപകടവുമുണ്ടാകുന്നു. എസ്.ബി.ഐ ജങ്ഷനിലാകട്ടെ കാലങ്ങളായി വാഹനയാത്രക്കാർ വട്ടം കറങ്ങേണ്ട സ്ഥിതിയാണ്. ഇംഗ്ലീഷ് ചർച്ച് റോഡിലൂടെ വരുന്ന വാഹനങ്ങൾ ടൗൺഹാൾ ഭാഗത്തേക്ക് തിരിഞ്ഞുവേണം പോവാൻ.
നേരത്തെ ഇവിടെ യു ടേൺ എടുത്തും വാഹനങ്ങൾ കോട്ട ഭാഗത്തേക്കു പോകാമെങ്കിൽ ഇപ്പോഴതും കൊട്ടിയടച്ചു. സ്റ്റേഡിയം സ്റ്റാൻഡിനു മുന്നിലെ പരിഷ്കാരവും ഗതാഗതക്കുരുക്കിന് കാരണമായി. കൽമണ്ഡപം ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളെയും നേരിട്ട് സുൽത്താൻപേട്ട ഭാഗത്തേക്കു പ്രവേശിക്കാനാകാതെ ബൈപാസിലേക്കു തിരിച്ചുവിടുകയാണ്. ഇതുമൂലം ബൈപാസിൽ സ്റ്റേഡിയം ഗ്രൗണ്ടിനു മുന്നിലും യു ടേൺ എടുക്കുന്നതിനാൽ സദാ സമയവും ഗതാഗതക്കുരുക്കാണിവിടം. മിക്ക കവലകളിലും സിഗ്നൽ സംവിധാനങ്ങളിൽ സമയം കാണിക്കുന്നില്ല. നഗരത്തിലെ കവലകളിൽ സിഗ്നലുകൾ പ്രവർത്തനക്ഷമമാക്കുകയും അശാസ്ത്രീയ ഗതാഗത പരിഷ്കാരം പൂർവ സ്ഥിതിയിലാക്കുകയും വേണമെന്നാവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

