കുരുക്കൊരുക്കി എസ്.ബി.ഐ ജങ്ഷനിലെ ഗതാഗത പരിഷ്കാരം
text_fieldsപാലക്കാട്: കോട്ടമൈതാനം-എസ്.ബി.ഐ ജങ്ഷനിലെ അശാസ്ത്രീയ ഗതാഗതപരിഷ്കാരം ഗതാഗതക്കുരുക്കിന് കാരണമാകുന്നു. നഗരത്തിലെ പ്രധാന കവലകളിൽ കൃത്യമായി സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്ന രണ്ടാമത്തെ കവലയാണിത്.
മിഷ്യൻ സ്കൂൾ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്കുനേരെ കോട്ടമൈതാനത്തേക്ക് പ്രവേശിക്കാൻ പറ്റാത്ത രീതിയിലാണ് ഇവിടത്തെ പരിഷ്കാരം. ഇതുമൂലം ഇത്തരം വാഹനങ്ങൾ ടൗൺഹാൾ റോഡിലേക്കുതിരിഞ്ഞ് അഞ്ചുവിളക്കുവഴി വേണം ഐ.എം.എ ജങ്ഷനിലെത്താൻ. ഇത്തരത്തിൽ കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനുപകരം വാഹനങ്ങൾ ടൗൺഹാൾ റോഡിലേക്കുതിരിഞ്ഞ് യു ടേൺ എടുക്കുന്ന സ്ഥിതിയാണ്.
മാത്രമല്ല ഇംഗ്ലീഷ് ചർച്ച് റോഡിൽനിന്ന് പാലാട്ട് റോഡിലേക്ക് തിരിയാൻ പറ്റാത്തതിനാൽ ഇത്തരം വാഹനങ്ങൾ ടൗൺ ഹാൾ റോഡിൽനിന്ന് യു ടേൺ എടുത്ത് കോട്ടയുടെ ഭാഗത്തേക്ക് തിരിഞ്ഞ് വീണ്ടും യു ടേൺ എടുക്കുന്ന സ്ഥിതിയാണ്. ഇതുമൂലം ടൗൺ ഹാൾ റോഡിലും കോട്ടയുടെ റോഡിലും ഗാതഗതക്കുരുക്കാണ്.
എന്നാൽ, പാലാട്ട് ഭാഗത്തുനിന്നുവരുന്ന ബസുകളെല്ലാം ജില്ല ആശുപത്രി വഴി വേണം ഐ.എം.എ ജങ്ഷനിലെത്തണമെന്നിരിക്കെ തൃശൂർ ബസുകളും ഇതര ബസുകളുമെല്ലാം എസ്.ബി.ഐ ജങ്ഷനിൽനിന്നും വലതുവശത്തേക്ക് തിരിഞ്ഞ് കോട്ടയുടെ മുന്നിലൂടെയാണ് സ്റ്റേഡിയം ഭാഗത്തെത്തുന്നത്. ഇതുമൂലം ജില്ല ആശുപത്രി ഭാഗത്തിറങ്ങേണ്ടവർ കോട്ടക്ക് മുന്നിലിറങ്ങി നടക്കണം. മിഷ്യൻ സ്കൂൾ ഭാഗത്തു നിന്നുമുള്ള വാഹനങ്ങളിൽ ആംബുലൻസിന് മാത്രമാണ് എസ്.ബി.ഐ ജങ്ഷനിൽനിന്ന് നേരെ പോവാൻ അനുമതിയുള്ളത്.
എന്നാൽ, ചില സമയങ്ങളിൽ കെ.എസ്.ആർ.ടി.സിയും തമിഴ്നാട് ബസുകളും ഇവിടെ നിയമം ലംഘിക്കാറുണ്ട്. തിരക്കേറിയ എസ്.ബി.ഐ ജങ്ഷനിലെ വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ അശാസ്ത്രീയമായ ഗതാഗത പരിഷ്കാരം മാറ്റി പൂർവസ്ഥിതിയാക്കണമെന്നാവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

