ദേശീയപാതയിൽ ഗതാഗതക്കുരുക്ക് യാത്രക്കാർ വലഞ്ഞു
text_fieldsപുതുപ്പരിയാരം(പാലക്കാട്): റോഡ് പുനർനിർമാണ പ്രവൃത്തി കാരണം ദേശീയപാത പുതുപ്പരിയാരത്തെ ഗതാഗതക്കുരുക്ക് രൂക്ഷമായത് വഴിയാത്രക്കാരെ വെട്ടിലാക്കി. വള്ളിക്കോടിനും പുതുപ്പരിയാരം ജങ്ഷനും ഇടയിലാണ് വ്യാഴാഴ്ച രാവിലെ 10.30ഓടെ ഗതാഗതക്കുരുക്ക് ഉണ്ടായത്. റോഡ് വീതി കൂട്ടി ടാറിങ് നടത്തുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
പാലക്കാട് ഭാഗത്ത് നിന്നും മുണ്ടൂർ ഭാഗത്തുനിന്നും ഒരു പോലെ വാഹനങ്ങൾ വന്ന് വലിയ നിര തന്നെ രൂപപ്പെട്ടത് കാരണം ഇരുദിശകളിൽ നിന്ന് പുതുപ്പരിയാരം സ്പർശിച്ച് പോവുന്നവർ ചുരുങ്ങിയത് അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ വഴിയിൽ കുടുങ്ങിയ സ്ഥിതിയായി.
ആതുരാലയങ്ങളിൽ പോവുന്നവരും മറ്റ് അത്യാവശ്യ കാര്യങ്ങൾക്ക് നഗരപ്രദേശങ്ങളിലെത്തേണ്ടവരും ദീർഘനേരം കാത്തിരിക്കേണ്ടി വന്നു. ഒരു വശത്തിലൂടെ മാത്രമേ രണ്ട് ദിക്കുകളിലുമുള്ള വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.

