കുരുക്ക് മുറുകുന്നു
text_fieldsഒലവക്കോട് പഴയ റെയിൽവേ ഗേറ്റ് അടച്ചിട്ടപ്പോഴുണ്ടായ ഗതാഗതക്കുരുക്ക്
ഒറ്റപ്പാലം: അപകടസാധ്യതയും ഗതാഗതക്കുരുക്കും പരിഹരിക്കാൻ ഒറ്റപ്പാലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ ആലോചന. ഇതിന്റെ ഭാഗമായി അമ്പലപ്പാറ, മുരുക്കുംപറ്റ, പത്തിരിപ്പാല, മംഗലാംകുന്ന്, ലക്കിടി കൂട്ടുപാത, കടമ്പഴിപ്പുറം, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽ സാധ്യത പരിശോധന നടത്തി. ചെർപ്പുളശ്ശേരി, പത്തിരിപ്പാല, അമ്പലപ്പാറ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കും മുരുക്കുംപറ്റ, ലക്കിടി കൂട്ടുപാത, മംഗലാംകുന്ന് എന്നിവിടങ്ങളിൽ അപകടസാധ്യതയും കൂടുതലാണ്. ഇത് പരിഗണിച്ചാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി സാധ്യത പരിശോധന നടത്തിയത്.
മുരുക്കുംപറ്റയിൽ നാല് റോഡുകൾ സന്ധിക്കുന്ന കവലയാണ്. ലക്കിടി കൂട്ടുപാത, മംഗലാംകുന്ന് പ്രദേശങ്ങളിലും മൂന്ന് വീതം റോഡുകൾ സന്ധിക്കുന്ന ജങ്ഷൻ അപകട മേഖലയാണ്. മോട്ടോർ വാഹന വകുപ്പും കെൽട്രോണും ചേർന്നാണ് പരിശോധന പൂർത്തിയാക്കിയത്. പരിശോധന റിപ്പോർട്ട് കെൽട്രോൺ മോട്ടോർ വാഹന വകുപ്പിന് കൈമാറി. പദ്ധതി നടപ്പാക്കാനുള്ള ചെലവ് സഹിതമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് റോഡ് സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കും. എം.എൽ.എമാരുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
മേൽപാലമില്ല; പഴയ കൽപാത്തി പാലം റോഡിൽ ദുരിതംതന്നെ
ഒലവക്കോട്: പാലക്കാട് പഴയ കൽപാത്തി പാലം റോഡിൽ റെയിൽവേ ഗേറ്റ് വഴി വരുന്ന യാത്രികർ ദീർഘ നേരം കുടുങ്ങിക്കിടക്കുന്നത് പതിവായി. ഗേറ്റ് ഒന്നിലധികം തവണ അടച്ചിടുന്നുണ്ട്. ഒലവക്കോട്, ജൈനിമേട്, വടക്കന്തറ, ചുണ്ണാമ്പുതറ, വിക്ടോറിയ കോളജ്, ഇ.എസ്.ഐ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും നിത്യേന നൂറുകണക്കിന് പേർ ഇരുചക്രമുൾപ്പെടെയുള്ള വാഹനങ്ങളിലും സ്കൂൾ ബസുകളിലും ഇത് വഴി സഞ്ചരിക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും ട്രെയിൻ കടന്നുപോകാൻ അര മണിക്കൂറിലേറെ ഗേറ്റ് അടച്ചിടും. ഇവിടെ റെയിൽവേ മേൽപാലം വേണമെന്ന ആവശ്യത്തിന് അധികൃതർ വേണ്ടത്ര പരിഗണന നൽകിയിട്ടില്ല.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുമ്പോഴും അപകമുണ്ടാവുന്ന സന്ദർഭങ്ങളിലും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചുവിടാറുള്ളത്. പാലക്കാട് നഗരത്തിൽനിന്ന് പടിഞ്ഞാറൻ മേഖലയിലേക്കുള്ള വാഹനങ്ങൾ എളുപ്പ മാർഗമായി ഈ വഴി ഉപയോഗപ്പെടുത്തുന്നുണ്ട്.
നഗരത്തിലെ മർമപ്രധാന പട്ടണങ്ങളിലെ പ്രദേശങ്ങളെ ഒഴിവാക്കി ഒലവക്കോട്, കാവിൽപ്പാട്, മേപ്പറമ്പ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിപ്പെടാവുന്ന വഴിയാണിത്. ഇനി പാലക്കാട് വിക്ടോറിയ കോളജ്, വടക്കന്തറ വഴി പാലക്കാട് നഗരത്തിലേക്ക് വരാനും റെയിൽവേ ഗേറ്റ് ഭാഗത്തെ മേൽപാലം ഉപകാരപ്രദമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

