മുനിസിപ്പൽ ബസ്സ്റ്റാൻഡിലേക്ക് ബസുകൾ ഓണത്തോടെ
text_fieldsപാലക്കാട്: ഓണത്തോടെ മുനിസിപ്പൽ സ്റ്റാൻഡിൽനിന്ന് ബസ് സർവിസ് പുനഃസ്ഥാപിക്കാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനം. സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാണിച്ച് കഴിഞ്ഞദിവസം കുത്തനൂർ തോലനൂർ ബസുകളൊഴികെയുള്ളവ സ്റ്റേഡിയം സ്റ്റാൻഡിലേക്ക് മാറിയിരുന്നു. ഓണംവരെ നിലവിലെ സംവിധാനം തുടരാനും ശേഷം മുനിസിപ്പൽ സ്റ്റാൻഡിലേക്ക് സർവിസ് മാറ്റാനുമാണ് നഗരസഭ ചെയർപേഴ്സന്‍റെ ചേംബറിൽ കൂടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം തീരുമാനിച്ചത്.
വഴിതിരിക്കുന്നതും പാർക്കിങ്ങും ഇങ്ങനെ
വിക്ടോറിയ കോളജ് സുൽത്താൻ പേട്ട ജങ്ഷൻ വഴി സ്റ്റേഡിയം സ്റ്റാൻഡ് ഭാഗത്തേക്ക് പ്രവേശിച്ചിരുന്ന ഭാരവാഹനങ്ങളും ബസുകളും ഇനിമുതൽ വെറ്ററിനറി ഹോസ്പിറ്റൽ, മുനിസിപ്പൽ ബസ്സ്റ്റാൻഡ്, ജി.ബി റോഡ്, സുൽത്താൻപേട്ട ജങ്ഷൻ സ്റ്റേഡിയം വഴി തിരിച്ചുവിടും. വനിതകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് കോർട്ട് റോഡിൽനിന്ന് ജമാൽ ജങ്ഷൻ വഴി പോകുന്നതും സിന്ധു കൂൾ ബാറിന് എതിർവശത്തുള്ള റോഡും വൺവേ ആക്കാൻ യോഗം തീരുമാനിച്ചു.
ഈ റോഡുകളിൽ ലൈൻ വരച്ച് ഇടതുവശം ചേർന്ന് ടൂവീലർ പാർക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തും. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങൾ വൺവേയിലൂടെ ചെറിയ കോട്ടമൈതാനം, എൻ.എസ്.എസ് കരയോഗത്തിന് മുൻവശത്തുള്ള റോഡിലൂടെ പുറത്ത് കടക്കണം. എസ്.ബി.ഐ ജങ്ഷൻ മുതൽ മുനിസിപ്പൽ ഓഫിസ് വരെയുള്ള റോഡിൽ മൂന്ന് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
പാർക്കിങ് നിരോധിക്കുന്നത്
കൽപാത്തി ജി.യു.പി സ്കൂൾ മുതൽ കുണ്ടമ്പലം വരെയുള്ള റോഡിന്‍റെ ഇരുവശങ്ങളിൽ പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിക്കും. കൽപാത്തി ഗ്രാമവാസികളുടെ ആവശ്യം പരിഗണിച്ച് വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് കൽപാത്തി -ചാത്തപ്പുരം ജങ്ഷനിൽ നിന്ന് കോഴിക്കോട് റോഡ് പ്രവേശന ഭാഗത്ത് ഗതാഗത വേഗനിയന്ത്രണത്തിനായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കും.
മേലാമുറി പച്ചക്കറി മാർക്കറ്റിൽ വൺവേ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം വിളിക്കാനും ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചു. ആർ.ടി.ഒയുടെ പ്രതിനിധികൾ യോഗത്തിലെത്തിയിരുന്നില്ല. കമ്മിറ്റി തീരുമാനങ്ങൾ ആർ.ടി.ഒയുമായി ചർച്ചചെയ്ത് വരുംദിവസങ്ങളിൽതന്നെ നടപ്പാക്കുമെന്ന് ചെയർപേഴ്സൻ പ്രിയ കെ. അജയൻ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

