തോരാമഴ ഓർമയായെങ്കിലും ഔഷധ ക്കഞ്ഞിക്കൂട്ടുകൾക്ക് ആവശ്യക്കാരേറെ
text_fieldsഒറ്റപ്പാലം: തോരാമഴയുടെ മാസമെന്ന വിശേഷണം അന്യമായെങ്കിലും കർക്കടകത്തിലെ ആരോഗ്യ പരിപാലനത്തിന് മുടക്കമില്ല. ഔഷധക്കഞ്ഞി കിറ്റുകൾ വിപണികളിൽ സുലഭമാണ്.
പ്രമുഖ ആയുർവേദ മരുന്ന് നിർമാതാക്കളുടെ ഉൽപന്നങ്ങളോടൊപ്പം പാരമ്പര്യ വൈദ്യന്മാരുടെ മേൽ നോട്ടത്തിലിറക്കിയ ഔഷധ കഞ്ഞിക്കൂട്ടുകളും വിപണികളിലെത്തിയിട്ടുണ്ട്. ആയുർവേദ മരുന്ന് നിർമാണ സ്ഥാപനങ്ങളുടെ കഞ്ഞിക്കിറ്റ് ഒരാൾക്ക് ഏഴ് ദിവസം സേവിക്കാനുള്ളതാണ്, കുറുന്തോട്ടി, ചെറൂള, മൂവില, തഴുതാമ, ദേവതാരം, ഞെരിഞ്ഞിൽ, പതിമുഖം, വയൽ ചുള്ളി തുടങ്ങിയ 15 ഇന പച്ചമരുന്ന് ചൂർണങ്ങളും അമുക്കുരം, ചുക്ക്, തിപ്പലി, കുരുമുളക്, ശതകുപ്പ, ജീരകം, കരിംജീരകം, കക്കുംകായ തുടങ്ങിയ പൊടി മരുന്നുകളും ഞവരയരി, ഉലുവ, ആശാളി എന്നിവയുമടങ്ങിയതാണിത്.
വിവിധ സ്ഥാപങ്ങളുടെ കിറ്റിൽ മരുന്നുകളുടെ ചേരുവയിൽ വ്യത്യാസങ്ങളുണ്ട് മുപ്പത്തിൽപരം മരുന്നുകളുണ്ടെന്ന് അവകാശപ്പെടുന്ന കിറ്റും വിപണിയിലുണ്ട്. ഇതിന് പുറമെയാണ് പാരമ്പര്യ രീതിയിലുള്ളതെന്ന് അവകശപ്പെട്ടെത്തുന്ന കഞ്ഞികൂട്ടുകൾ. ഒരാൾക്ക് ഏഴ് ദിവസത്തേക്കുള്ള കിറ്റിന് 250 മുതൽ 280 രൂപ വരെ വിലയുണ്ട്.
പ്രാദേശിക വൈദ്യന്മാർ തയാറാക്കുന്ന ഔഷധ കഞ്ഞിക്കുള്ള മരുന്നിന് 200 രൂപയാണ് വില. മഴയൊഴിഞ്ഞ കർക്കടകം സുഖചികിത്സ തേടിയെത്തുന്നവരിൽ ഗണ്യമായ കുറവുണ്ടാക്കുന്നതായി ആശുപത്രി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

