Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനിയമങ്ങൾക്കും...

നിയമങ്ങൾക്കും കരാറുകൾക്കും പുല്ലുവില; പന്നിയങ്കരയിൽ ടോൾ കൊള്ള തുടരുന്നു

text_fields
bookmark_border
നിയമങ്ങൾക്കും കരാറുകൾക്കും പുല്ലുവില; പന്നിയങ്കരയിൽ ടോൾ കൊള്ള തുടരുന്നു
cancel

വടക്കഞ്ചേരി: നിബന്ധനകളും മുൻ തീരുമാനങ്ങളും പൂർണമായും അവഗണിച്ച് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും അനധികൃതമായി പണം വസൂലാക്കുന്നത് തുടരുന്നു. സൗജന്യ പ്രവേശന പാസുകളുടെ മറവിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കുന്ന വിചിത്രമായ രീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. യഥാസമയം പാസ് പുതുക്കുന്ന വാഹന ഉടമകൾക്ക് പോലും തങ്ങളുടെ ഫാസ്‌ടാഗ് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുന്നതായി നിരവധി പരാതികളാണ് ഉയരുന്നത്.

കഴിഞ്ഞ മാസം 24ന് പാസ് പുതുക്കി മെയ് 24 വരെ കാലാവധിയുള്ള വള്ളിയോട് സ്വദേശി അവറാച്ചന്റെ വാഹനത്തിൽ നിന്നും 110 രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം മടങ്ങി വരുമ്പോഴാണ് പണം നഷ്ടമായ സന്ദേശം ലഭിച്ചത്. മൂന്നുമാസം കൂടുമ്പോൾ പാസ് പുതുക്കണമെന്ന കമ്പനിയുടെ ഏകപക്ഷീയമായ തീരുമാനം തന്നെ പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നതാണ്.

പാസ് കാലാവധി കഴിയുന്നതിന് മുൻപ് അറിയിപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും അത്തരം സന്ദേശങ്ങൾ ലഭിക്കാറില്ല. സാങ്കേതിക പിഴവ് മൂലം പണം നഷ്ടപ്പെട്ടാൽ അത് തിരികെ നൽകാൻ സംവിധാനമില്ലെന്ന നിരുത്തരവാദപരമായ മറുപടിയാണ് ടോൾ അധികൃതരിൽ നിന്നും ലഭിക്കുന്നത്.

ഇത്തരത്തിൽ ഓരോ വാഹനത്തിൽ നിന്നും പലതവണ പണം ഈടാക്കി വലിയൊരു തുക സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പാലിയേക്കരയിൽ 10 കിലോമീറ്റർ വായുദൂരം കണക്കാക്കി സൗജന്യ പാസ് അനുവദിക്കുമ്പോൾ പന്നിയങ്കരയിൽ അത് 7.5 കിലോമീറ്റർ റോഡ് ദൂരമാക്കി ചുരുക്കി. ടോൾ പ്ലാസയിൽ നിന്നും 9.5 കിലോമീറ്റർ വരെയുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കഴിഞ്ഞ ഏപ്രിൽ ഏഴിലെ സർവകക്ഷി യോഗ തീരുമാനം പോലും കമ്പനി ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

2022 മുതൽ തുടരുന്ന ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികൾക്കോ അധികൃതർക്കോ കഴിഞ്ഞിട്ടില്ലെന്നത് പ്രതിഷേധം വർധിപ്പിക്കുന്നു. ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം കനക്കുമ്പോൾ സർവകക്ഷി യോഗങ്ങൾ വിളിച്ച് പ്രഹസനം നടത്തുന്നതല്ലാതെ യോഗ തീരുമാനങ്ങൾ നടപ്പിലാക്കാൻ ആരും തയ്യാറാകുന്നില്ല.

സർവീസ് റോഡുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന കളക്ടറുടെ സാന്നിധ്യത്തിലെ തീരുമാനവും പാതിവഴിയിലാണ്. വാണിയംപാറ, മുടിക്കോട് എന്നിവിടങ്ങളിൽ മേൽപ്പാത നിർമ്മാണം മൂലം രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുമ്പോഴാണ് 'യാത്രാസുഖം' വർധിച്ചു എന്ന വിചിത്രമായ ന്യായം നിരത്തി അടുത്ത മാസം മുതൽ ടോൾ നിരക്ക് വീണ്ടും കൂട്ടാൻ ഒരുങ്ങുന്നത്. ഈ കൊള്ളക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട ജനപ്രതിനിധികൾ മൗനം പാലിക്കുന്നത് തട്ടിപ്പിന് വളമിടുകയാണ്. യാത്രാ ക്ലേശവും സാമ്പത്തിക ചൂഷണവും ഒരുപോലെ നേരിടുന്ന ജനങ്ങളുടെ പ്രതിഷേധം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentPalakkadlocalnews
News Summary - Laws and contracts are worthless; Toll fraud continues in Panniyankara
Next Story