പൊരിയാനിയിലെ ടോൾ ബൂത്ത്:റദ്ദാക്കൽ വിജ്ഞാപനമായില്ല
text_fieldsപൊരിയാനിയിൽ ടോൾ ബൂത്തിനായി ഒരുക്കിയ സ്ഥലം
മുണ്ടൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അന്തിമ തീരുമാനാവാതിരുന്ന പാലക്കാട്-കോഴിക്കോട് ദേശീയപാത 966 ടോൾ ബൂത്തിന്റെ കാര്യത്തിലുള്ള ജനാശങ്ക വീണ്ടും മുളപൊട്ടുന്നു. മുൻ കേന്ദ്ര സർക്കാരും കേന്ദ്ര ഉപരിതലമന്ത്രാലയവും ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാത്തതാണ് ആശങ്കക്ക് വഴിയൊരുക്കുന്നത്.
പാലക്കാട് -കോഴിക്കോട് 966 ദേശീയപാതയുടെ ഭാഗമായ നാട്ടുകൽ-താണാവ് പാത നവീകരണ കരാറിന്റെ നിബന്ധന പ്രകാരം മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രദേശമായ പൊരിയാനിയിൽ 850 മീറ്ററിലധികം സ്ഥലത്ത് റോഡിന് സമാനമായ രീതിയിൽ പാത തന്നെ കോൺക്രീറ്റ് ചെയ്ത് സജീകരിച്ചിട്ടുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച് പാതയുടെ വിസ്തീർണവും കൂട്ടിയിട്ടുണ്ട്.
ഒന്നര വർഷം മുമ്പ് പൊരിയാനിയിൽ ടോൾ പ്ലാസക്കായി തൂണുകൾ നിർമിക്കുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികൾ രംഗത്തിറങ്ങിയിരുന്നു. തുടർന്ന് ജനപ്രതിനിധികൾ, നിർമാണ കരാറുകാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ തൽക്കാലം പ്രവൃത്തി നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു.
തുടർന്ന് ആധുനിക രീതിയിൽ ഏതുസമയവും ടോൾ പ്ലാസ സ്ഥാപിക്കാവുന്ന തരത്തിൽ പശ്ചാത്തല സൗകര്യം ഒരുക്കുകയും ചെയ്തു. എന്നാൽ, ഇതിനെതിരെ ബസുടമകളും തൊഴിലാളികളും ഉൾപ്പെടുന്ന വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തി. ഒരു മാസക്കാലം നീണ്ട സമര പരിപാടികളാണ് നടന്നത്. ദേശീയപാതയുടെ ഗുണനിലവാരത്തിലല്ല പാത നിർമിച്ചതെന്നും ടോൾ ഏർപ്പെടുത്തുന്നത് നീതിക്ക് നിരക്കാത്തതാണെന്നും ആരോപിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.
പൊരിയാനിയിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിനു വീട്ടുകാർ നിത്യേന തൊട്ടടുത്ത പട്ടണമായ പാലക്കാടിനെ ആശ്രയിക്കുന്നുണ്ട്. ഇവർക്ക് ആശ്രയിക്കാവുന്ന സർവിസ് റോഡുകളുടെ അപര്യാപ്തതയും പ്രദേശവാസികളുടെ ആശങ്ക പെരുപ്പിക്കുകയാണ്.
മറ്റൊന്ന് ദേശീയപാതയിലൂടെ ഹൃസ്വദൂരം മാത്രം സർവിസ് നടത്തുന്ന കോങ്ങാട്, പത്തിരിപ്പാല, ചെർപ്പുളശേരി മേഖലകളിലെ ബസുകളും ചരക്ക് ലോറികളും ഇതര വാഹനങ്ങളും പൊരിയാനി വഴി സഞ്ചരിക്കുമ്പോൾ ടോൾ നൽകാൻ നിർബന്ധിതരാവും എന്നതാണ്. കേന്ദ്രത്തിൽ പുതുതായി സർക്കാർ അധികാരത്തിലേരുന്ന പശ്ചാത്തലത്തിൽ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ ടോൾ ബൂത്ത് സ്ഥാപിക്കില്ലെന്ന അന്തിമ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ജനകീയ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

