ഇന്ന് ലോക യോഗദിനം; മാധവന് 76ലും യോഗ ദിനചര്യ
text_fieldsഎം. മാധവൻ യോഗാസനത്തിനിടെ
പാലക്കാട്: 24ാം വയസ്സിൽ തുടങ്ങിയ യോഗപരിശീലനം 76ലും മുടക്കാതെ പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി എം. മാധവൻ. 51 വർഷമായി യോഗ മാധവന്റെ നിത്യജീവിതത്തിന്റെ ഭാഗമായിട്ട്. ഉദരരോഗങ്ങൾ കൊണ്ട് വിഷമിച്ച കാലത്താണ് പത്രത്തിൽ കണ്ട യോഗാചാര്യൻ ടി.ജി. ചിദംബരത്തിന്റെ ലേഖനത്തിലൂടെ യോഗയെ കുറിച്ച് അറിഞ്ഞത്. പിന്നീട് കത്തിടപാടുകളിലൂടെ അദ്ദേഹത്തിൽനിന്ന് യോഗാസനങ്ങളെ കുറിച്ച് മനസ്സിലാക്കി പരിശീലനം ആരംഭിച്ചു. ഇതോടെ ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായി. 40 വയസ്സിന് ശേഷമാണ് യോഗാചാര്യൻ ചിദംബരത്തെ നേരിൽ കാണുന്നത്. അദ്ദേഹത്തിന്റെ യോഗദീപ്ത എന്ന സ്ഥാപനത്തിന് കീഴിൽ മൂന്ന് വർഷം യോഗ പരിശീലിച്ചു.
65 വയസ്സിന് ശേഷമാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. 2018ൽ പങ്കെടുത്ത ആദ്യ ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ തന്നെ സ്വർണം കരസ്ഥമാക്കി. ഫരീദാബാദിലായിരുന്നു മത്സരം.
സീനിയർ സിറ്റിസൺ വിഭാഗത്തിലാണ് പങ്കെടുത്തത്. 2021ലും സ്വർണം നേടി. 2023ൽ ഇന്ത്യൻ യോഗ ഫെഡറേഷൻ നടത്തിയ 42ാമത് ദേശീയ യോഗാസന ചാമ്പ്യൻഷിപ്പിലും സ്വർണം കൊയ്ത് മാധവൻ താരമായി. പശ്ചിമ ബംഗാളിലെ ദുർഗാപുറിലായിരുന്നു മത്സരം. സംസ്ഥാനതല മത്സരത്തിൽ നാല് തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
യോഗക്ക് പ്രായമില്ലെന്നാണ് മാധവൻ പറയുന്നത്. ഈ പ്രായത്തിലും യോഗ അഭ്യസിപ്പിക്കാനും ബോധവത്കരണങ്ങൾക്കും പോകാറുണ്ട്. വീട്ടിൽ വരുന്നവരെയും പഠിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കേരള ഗവർണർ പാലക്കാട്ട് വന്നപ്പോൾ മാധവനെ ആദരിച്ചിരുന്നു. പാലക്കാട് ജില്ല യോഗ അസോസിയേഷൻ രക്ഷാധികാരിയാണ് മാധവനിപ്പോൾ. എറണാകുളം യോഗദീപ്തയിലെ മുഖ്യ യോഗാചാര്യനുമാണ്. മകനും യോഗാധ്യാപകനുമായ ബാബുവിനൊപ്പം കണ്ണാടി അയ്യപ്പൻകാവ് ഗ്രീൻസ് വില്ലേജിലാണ് താമസം. ഭാര്യ ശാന്തകുമാരി, മറ്റു മക്കളായ ജയ, പ്രീത എന്നിവരും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

