ഇന്ന് ലോകസംഗീത ദിനം; ഡോ. പി.വി. ബോസിന് സംഗീതത്തിനപ്പുറം മറ്റൊരു ലോകമില്ല
text_fieldsപി.വി ബോസ് സംഗീതകച്ചേരിക്കിടെ
കൂറ്റനാട്: കർണാടക സംഗീതത്തിന്റെ പരമ്പരാഗത ചാരുതയും ലോകസംഗീതത്തിന്റെ ആധുനിക സാധ്യതകളും സമന്വയിപ്പിച്ച് അന്താരാഷ്ട്ര സംഗീതലോകത്ത് സ്വന്തം ഇടം നേടിയ സംഗീതജ്ഞൻ ചാലിശ്ശേരി സ്വദേശി ഡോ. പി.വി. ബോസ്. ഗായകൻ, സംഗീതജ്ഞൻ, ഗവേഷകൻ, അധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
കുന്നംകുളം തെക്കേക്കര ഡേവീഡ് ഭാഗവതരുടെ കീഴിലെ പരിശീലനമാണ് പി.വി. ബോസിന്റെ സംഗീതജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് പത്മശ്രീ ജേതാവ് ലീല ഓംചേരി, സംഗീത ആചാര്യൻ പ്രഫ. സുബ്രഹ്മണ്യം, പത്മവിഭൂഷൺ ജേതാവ് പ്രഫ. ടി.എൻ. കൃഷ്ണൻ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
1993ൽ ഭോപാലിലെ നവചേതന ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായും 1995ൽ ഫാ. ആബേലിന്റെ നിർദേശപ്രകാരം എറണാകുളത്തെ കൊച്ചിൻ കലാഭവനിൽ സംഗീത അധ്യാപകനായും പ്രവർത്തിച്ചു. 1995 മുതൽ രണ്ട് വർഷം എറണാകുളം ചിന്മയ കോളജിലെ സംഗീതവിഭാഗത്തിൽ ഔദ്യോഗിക പ്രഫസറായി ചുമതലയേറ്റു. പീന്നിടാണ് പുതുച്ചേരി സർക്കാറിന്റെ സംഗീത-ഫൈൻ ആർട്സ് കോളജിൽ അധ്യാപകനായി ചേർന്നത്. ഇപ്പോൾ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുകയാണ്. പുതുച്ചേരിയിലെ ഭാരതിയാർ സെന്റർ ഫോർ പെർഫോമിങ് ആൻഡ് ഫൈൻ ആർട്സിൽ സീനിയർ ഫാക്കൽറ്റി അംഗവുമാണ്.തമിഴ്, തെലുങ്ക് ഭാഷകളിലായി 20ലധികം സിനിമകളിൽ പിന്നണി ഗായകനായി അദ്ദേഹം പ്രവർത്തിച്ചു. പഞ്ചകം ഇൻ ഇന്ത്യൻ മ്യൂസിക്, നാദ സൗണ്ട് ഓഫ് സൈലൻസ് എന്നീ ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം സംഗീത ഗവേഷണരംഗത്തും ശ്രദ്ധേയ സംഭാവനകൾ നൽകി . 2019ൽ ഗ്ലോബൽ മ്യൂസിക് അവാർഡിൽ സിൽവർ മെഡൽ നേടിയ അദ്ദേഹം 2024ലെ ഇന്റർകോണ്ടിനെന്റൽ മ്യൂസിക് അവാർഡ്സിൽ ബെസ്റ്റ് ഓഫ് ഏഷ്യ പുരസ്കാരം കരസ്ഥമാക്കി.
ചാലിശ്ശേരി പുലിക്കോട്ടിൽ വർഗീസ്-തങ്കമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ നാലാമനായാണ് ബോസിന്റെ ജനനം. ഡെന്റൽ സർജനായ ഡോ. അജ്ഞലി ബോസാണ് ഭാര്യ. അഭിരാമി ബോസ് ആണ് ഏക മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

